ന്യൂഡല്‍ഹി: ബി.ജെ.പി.യും എസ്.എന്‍.ഡി.പി. യോഗവുമായുള്ള സഖ്യചര്‍ച്ച വിജയിച്ചാല്‍ കേരളത്തില്‍ സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് തലവന്‍ അശോക് സിംഘല്‍. ഹിന്ദുക്കള്‍ക്കിടയിലുണ്ടായ മുന്നേറ്റത്തിന്റെ ഫലമാണ് സഖ്യത്തിനുവേണ്ടി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍. കേരളരാഷ്ട്രീയത്തില്‍ ഇത് വലിയ മാറ്റങ്ങളുണ്ടാക്കും -അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യസ്വാമിയും അശോക് സിംഘലും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും സ്വാമി പറഞ്ഞു. ക്ഷേത്രനിര്‍മാണം വൈകുന്നതെന്തുകൊണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യത്തിനായി ബി.ജെ.പി. പ്രത്യേക നിര്‍വാഹകസമിതി യോഗം വിളിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.