ന്യൂഡല്‍ഹി: മൊബൈല്‍ സേവനദാതാക്കള്‍ക്ക് റേഡിയോ തരംഗങ്ങള്‍ വാങ്ങാനും വില്‍ക്കാനും അനുവദിക്കുന്ന ടെലികോം സ്‌പെക്ട്രം വ്യാപാരനയത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളെ ഏറെ വലച്ചിരുന്ന ഫോണ്‍വിളിമുറിയല്‍ പ്രശ്‌നത്തിന് ഇതോടെ പരിഹാരമായേക്കും. ഫോണ്‍വിളിച്ചുകൊണ്ടിരിക്കെ, മുറിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട് ശക്തമായ ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം.

മൊബൈല്‍ ഫോണ്‍ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്ന റേഡിയോ തരംഗങ്ങളുടെ പരിധിയാണ് സ്‌പെക്ട്രം. വിളി മുറിയല്‍ മൊബൈല്‍ ടവര്‍, സ്‌പെക്ട്രം എന്നിവയിലെ പ്രശ്‌നംമൂലമാണെന്നായിരുന്നു മൊബൈല്‍ കമ്പനികളുടെ വാദം. അതിനാലാണ് കമ്പനികളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി സ്‌പെക്ട്രം കൈമാറ്റത്തിന് അനുമതിനല്‍കാന്‍ കേന്ദ്രം തീരുമാനമെടുത്തത്.

തങ്ങളുടെ പക്കലുള്ള സ്‌പെക്ട്രം കൈമാറുന്നതിന് മൊബൈല്‍ കമ്പനികള്‍ ഇനി സര്‍ക്കാറിന്റെ അനുമതിവാങ്ങേണ്ടതില്ല. ഇടപാടിന് 45 ദിവസം മുമ്പ് അറിയിച്ചാല്‍ മാത്രം മതിയെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എല്ലാ ബാന്‍ഡിലുമുള്ള സ്‌പെക്ട്രം കച്ചവടം ചെയ്യാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് അനുവാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിളി മുറിയുന്ന സംഭവം കഴിഞ്ഞവര്‍ഷം ഇരട്ടിയായെന്നും അനുവദനീയമായതിലും നാല് മടങ്ങ് അധികമാണിതെന്നും ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നും ട്രായ് നിര്‍ദേശിക്കുകയുണ്ടായി.