ശ്രീ ഗംഗാനഗര്‍ (രാജസ്ഥാന്‍): പാകിസ്താന്റെ പൈലറ്റില്ലാ വിമാനം രാജ്യാന്തര അതിര്‍ത്തിക്ക് സമീപം രാജസ്ഥാനിലെ ഗംഗാനഗറില്‍ സൈന്യം വെടിവച്ചിട്ടു.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് പൈലറ്റില്ലാ വിമാനം വെടിവച്ചിട്ടതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബാലാക്കോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരക്യാമ്പുകള്‍ക്കുനേരെ ഇന്ത്യ ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യ വെടിവച്ചിടുന്ന പാകിസ്താന്റെ മൂന്നാമത്തെ പൈലറ്റില്ലാ വിമാനമാണിത്.

വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ വ്യോമാതിര്‍ത്തി ലംഘിച്ച് ഗുജറാത്തിലെത്തിയ പാക് പൈലറ്റില്ലാ വിമാനത്തെ ഇന്ത്യ വെടിവച്ചിട്ടിരുന്നു. പാകിസ്താന്റെ രണ്ടാമത്തെ പൈലറ്റില്ലാ വിമാനത്തെ രാജസ്ഥാനിലെ ബിക്കാനീര്‍ സെക്ടറില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വെടിവെച്ചിട്ടത്.

കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് വ്യോമസേന പാക് ഭീകര ക്യാമ്പുകള്‍ ആക്രമിച്ചത്. പാകിസ്താന്‍ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണ് ഭീകരാക്രമണം നടത്തിയത്.

Content Highlights: Pakistani drone, Indian Army, Rajastan