വിജയവാഡ: ചൂടിനെ നേരിടാന്‍ സൗജന്യ സംഭാര വിതരണവുമായി ആന്ധ്രാ സര്‍ക്കാര്‍. തിങ്കളാഴ്ച്ച മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍  നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംഭാരം വിതരണം ചെയ്യാന്‍ തീരുമാനമെടുത്തത്. ഓരോ ജില്ലയ്ക്കും മൂന്ന് കോടി രൂപ വീതമാണ് സംഭാര വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കൂള്‍ ഷെല്‍ട്ടേഴ്‌സ് എന്ന പേരില്‍ തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും സംഭാര വിതരണമുണ്ടാകും. 

വരള്‍ച്ചയെ നേരിടാന്‍ മന്ത്രിസഭാ യോഗത്തില്‍ നിരവധി പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്. വരള്‍ച്ച വലിയ തോതില്‍ ബാധിച്ച പ്രദേശങ്ങള്‍ക്ക് 39 കോടി അനുവദിച്ച സര്‍ക്കാര്‍ സൂര്യാഘാതമേറ്റുള്ള മരണം തടയാനായി സംഭാരത്തോടൊപ്പം ഓ.ആ.ര്‍എസ് പായ്ക്കറ്റുകളും വിതരണം ചെയ്യും. കുടിവെള്ള വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി ഗ്രാമപ്രദേശങ്ങള്‍ക്ക് 200 കോടിയും നഗര പ്രദേശങ്ങള്‍ക്ക് 25 കോടിയും ചെലവഴിക്കും. 

റായല്‍സീമ പ്രദേശത്താണ്‌ താപനില കുതിച്ചുയരുന്നത്. 46-48 ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോഴത്തെ താപനില. വരും ദിവസങ്ങളില്‍ ഇത് വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. 
കഴിഞ്ഞ വര്‍ഷം ചൂടു കാറ്റിനെ തുടര്‍ന്ന് ആന്ധ്രാ പ്രദേശില്‍ രണ്ടായിരത്തിലധികം ആളുകള്‍ മരണപ്പെട്ടിരുന്നു.