മുംബൈ: ലോക്കല്‍ തീവണ്ടിയില്‍ അര്‍ബുദ രോഗികള്‍ക്കായി സഹായം അഭ്യര്‍ഥിക്കാന്‍ പാട്ടുപാടി നടക്കുന്ന സൗരഭ് നിംബ്കര്‍ക്കൊപ്പം മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും. മുംബൈ സി.എസ്.ടി.യില്‍നിന്ന് ഭാണ്ഡൂപ് വരെ തീവണ്ടിയില്‍ പാട്ടുപാടി അമിതാഭും സൗരഭിന്റെ സഹായത്തിനെത്തി.

ഞായറാഴ്ചയായിരുന്നു അമിതാഭ് ബച്ചന്റെ ലോക്കല്‍ തീവണ്ടിയിലെ യാത്ര. സി.എസ്.ടി.യില്‍നിന്ന് താനെക്ക് പോവുന്ന വണ്ടിയില്‍ രണ്ടാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലാണ് അമിതാഭ് ബച്ചന്‍ കയറിയത്. ഒപ്പം സൗരഭ് നിംബ്കറും ഉണ്ടായിരുന്നു. സൗരഭ് സാധാരണ ഗിറ്റാറുമായി പാട്ടുകള്‍ പാടി തീവണ്ടി യാത്രക്കാരോട് അര്‍ബുദ രോഗികളെ സഹായിക്കാന്‍ അഭ്യര്‍ഥിക്കാറുണ്ട്. മധ്യറെയില്‍വേയില്‍ സൗരഭ് സ്ഥിരംയാത്രക്കാരനാണ്, രോഗികളുടെ സഹായത്തിനായി.

സൗരഭിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ അഭിതാഭ് ബച്ചന്റെ 'ആജ് കിരാത് ഹൈ സിന്ദഗി' എന്ന ടി.വി. േഷായിലും അതിഥിയായി എത്തിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവര്‍ക്കുവേണ്ടി ചെയ്യുന്ന സാമൂഹിക പ്രവര്‍ത്തനമാണ് സൗരഭിനെ തന്റെ ടെലിവിഷന്‍ ഷോയിലേക്ക് വിളിക്കാന്‍ അമിതാഭിനെ പ്രേരിപ്പിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു സൗരഭിനൊപ്പം ഒരു തവണ തീവണ്ടിയില്‍ പാട്ടുപാടി യാത്രചെയ്യാനും അമിതാഭ് ബച്ചന്‍ തീരുമാനിച്ചത്.

ഞായറാഴ്ച സി.എസ്.ടി.യില്‍നിന്ന് ഭാണ്ഡൂപ്പിലേക്ക് തീവണ്ടിയില്‍ യാത്രചെയ്ത് പാട്ടുപാടിയത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാനായിരുന്നില്ലെന്ന് രാത്രിയിലെ തന്റെ ബ്ലോഗിലൂടെ അദ്ദേഹം വ്യക്തമാക്കി. ഈ യാത്ര 'ആജ് കി രാത് ഹൈ സിന്ദഗി' എന്ന ടി.വി.ഷോയുടെ പ്രോത്സാഹനത്തിനും ആയിരുന്നില്ല. സൗരഭിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഒറ്റയ്ക്കല്ലെന്ന് അറിയിക്കുകയായിരുന്നു ലക്ഷ്യം. ഇനിയും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പലരെയും പ്രേരിപ്പിക്കാന്‍ എന്റെ ഈ യാത്രകൊണ്ട് കഴിയട്ടേയെന്നും അമിതാഭ് ആശംസിച്ചു.

ഏതായാലും രണ്ടാംക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത അമിതാഭ് തന്റെ സിനിമകളിലെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സൗരഭിനൊപ്പം പാടി. ദാണ്ഡൂപ്പില്‍ തീവണ്ടിയില്‍നിന്നിറങ്ങി നിന്നപ്പോള്‍ യാത്രക്കാര്‍ക്കും അത്ഭുതമായി - മെഗാസ്റ്റാര്‍ തങ്ങള്‍ക്കൊപ്പം യാത്രചെയ്ത് പാട്ടുപാടിയല്ലോ എന്നോര്‍ത്ത്.