പട്യാല (പഞ്ചാബ്): പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള യുവതിയും ഇന്ത്യന്‍ യുവാവും തമ്മിലുള്ള വിവാഹം പഞ്ചാബിലെ പട്യാലയില്‍ നടന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം സംഘര്‍ഷത്തിന്റെ വക്കിലെത്തി നില്‍ക്കവെയാണ് മംഗളകര്‍മ്മം. പാകിസ്താനില്‍നിന്നുള്ള സര്‍ജിത്തും ഹരിയാന അംബാല ജില്ലക്കാരനായ പര്‍വിന്ദര്‍ സിങ്ങുമാണ് വിവാഹിതരായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പട്യാലയിലെ ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഗുരുദ്വാര അധികൃതര്‍ നവദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റും നല്‍കി.
ഇന്ത്യയില്‍വച്ച് വിവാഹിതയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സര്‍ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയിലെയും പാകിസ്താനിലെയും കൂടുതല്‍ യുവതീ - യുവാക്കള്‍ പരസ്പരം വിവാഹിതരാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. പാകിസ്താനിലെ സിയാല്‍കോട്ട് ജില്ലയില്‍ സ്ഥിരതാമസമാക്കിയ ഹിന്ദു കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് സര്‍ജിത്തെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അവരുടെ മാതാപിതാക്കളും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയിരുന്നു.
40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് ഭീകരരായിരുന്നു പുല്‍വാമ ആക്രമണത്തിന് പിന്നില്‍.
ഇതോടെ പാകിസ്താനിലെ ബലാക്കോട്ടിലുള്ള ജെയ്‌ഷെയുടെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമാക്കി ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ എഫ് 16 വിമാനത്തെ തുരത്തുന്നതിനിടെ മിഗ് 21 ബൈസന്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വ്യോമസേനാംഗം പാക് സൈന്യത്തിന്റെ പിടിയിലായി. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ ഇന്ത്യയ്ക്ക് കൈമാറേണ്ടി വന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇരുരാജ്യത്തെയും യുവതീ - യുവാക്കള്‍ തമ്മിലുള്ള വിവാഹം.
Content Highlights: India- Pakistan, Marriage, Punjab