സൂറത്ത്: ഘര്‍ വാപസിയിലൂടെ 10 വര്‍ഷത്തിനിടെ രാജ്യത്ത് 7.5 ലക്ഷം പേരെ തിരികെ ഹിന്ദു മതത്തിലെത്തിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. അഞ്ച് ലക്ഷം ക്രിസ്ത്യാനികളെയും രണ്ടര ലക്ഷം മുസ്‌ലിങ്ങളെയും തിരിച്ച് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായാണ് തൊഗാഡിയ അവകാശപ്പെട്ടത്. 

ഹിന്ദുമതം സംരക്ഷിക്കാന്‍ ഘര്‍ വാപസി ഊര്‍ജിതമായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിവര്‍ഷം 15,000 പേരെ വീതമാണ്  ഘര്‍ വാപസി നടത്തി വന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇത് 40,000 കടക്കാനായി. ഇത് ആര്‍.എസ്.എസ്. നടത്തിയത് ഒഴിച്ചുള്ള സംഖ്യയാണെന്നും അദ്ദേഹം പറഞ്ഞു. സൂറത്തില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നമ്മുടെ മതത്തെ സംരക്ഷിച്ച് ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരണമെങ്കില്‍ കൂടുതല്‍ ഘര്‍ വാപസികള്‍ നടത്തേണ്ടതുണ്ട്. പാകിസ്താനിലുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യയില്‍ നിശ്ചയമായും രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും. അതില്‍ ആര്‍ക്കും സംശയം വേണ്ട. ക്ഷേത്രം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.