ചെന്നൈ: ജെ.ജയലളിതയുടെ മരണത്തോടെ നിശ്ചലമായ തമിഴകരാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങളുമായി മുഖ്യപ്രതിപക്ഷമായ ഡിഎംകെ.
ഡിഎംകെ മേധാവി എം.കരുണാനിധി (93) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ആക്ടിംഗ് പ്രസിഡന്റായി മകന് എംകെ സ്റ്റാലിനെ നിയമിച്ചേക്കും.
2011-നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ട ഡിഎംകെയെ 2016-നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിച്ചത് എംകെ സ്റ്റാലിനായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പിലും കരുണാനിധി തന്നെയായിരുന്നു ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.
തിരഞ്ഞെടുപ്പില്‍ ജയിച്ച ജയലളിത അധികാരം നിലനിര്‍ത്തിയെങ്കിലും എഐഎഡിഎംകെയുടെ ഭൂരിപക്ഷം കാര്യമായി കുറയ്ക്കാനും നഷ്ടമായ പ്രതിപക്ഷസ്ഥാനം തിരിച്ചു പിടിക്കാനും സ്റ്റാലിനും സംഘത്തിനും സാധിച്ചു. നിലവില്‍ തമിഴ്നാട് പ്രതിപക്ഷനേതാവായ സ്റ്റാലിന് ഡിഎംകെ ട്രഷറര്‍ സ്ഥാനവും വഹിക്കുന്നുണ്ട്.
നേരത്തെ കരുണാനിധിയുടെ പിന്‍ഗാമിയാവുന്നത് ചൊല്ലി സ്റ്റാലിനും അര്‍ധസഹോദരനായ എംകെ അഴഗിരിയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഒടുവില്‍ പിതാവിനോടും സഹോദരനോടും ഇടഞ്ഞ് അഴഗിരി പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്തു. തന്റെ രാഷ്ട്രീയ പിന്‍ഗാമി സ്റ്റാലിനായിരിക്കുമെന്ന് കരുണാനിധി തന്നെ പിന്നീട് പ്രഖ്യാപിച്ചിരുന്നു.
ഡിഎംകെയുടെ ഉന്നതാധികാരസമിതിയായ ജനറല്‍ കൗണ്‍സില്‍ ഡിസംബര്‍ 20-ന് പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ പാര്‍ട്ടിയുടെ ആക്ടിംഗ് പ്രസിഡന്റായി എംകെ സ്റ്റാലിനെ പ്രഖ്യാപിക്കാനാണ് സാധ്യത.
അതേസമയം ഭരണകക്ഷിയായ എഐഡിഎംകെയില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥ തുടരുകയാണ്. ജയലളിതയുടെ തോഴി ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പനീര്‍സെല്‍വം തന്നെ മുന്പോട്ട് വച്ചിട്ടുണ്ട്.
എഐഡിഎംകെയിലെ കൂടുതല്‍ നേതാക്കള്‍ ഈ ആവശ്യത്തെ പിന്തുണച്ചു രംഗത്തു വരുന്നുണ്ടെങ്കിലും അണികള്‍ എങ്ങനെയാവും ശശികലയെ സ്വീകരിക്കുക എന്ന കാര്യത്തില്‍ ആശങ്ക ബാക്കി നില്‍ക്കുകയാണ്. ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയില്‍ ശശികലയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും രംഗത്തെത്തിയിട്ടുണ്ട്.
തന്നേയും ജയലളിതയേയും അകറ്റിയത് ശശികലയാണെന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ശശികല ജനപ്രീതി തെളിയിക്കേണ്ടതുണ്ടെന്നും പറഞ്ഞ ദീപ രാഷ്ട്രീയത്തോട് താന്‍ പുറം തിരിഞ്ഞു നില്‍ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..