ജനാര്‍ദന റെഡ്ഡിയാണ് തന്റെ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് വന്‍ സംഭവമാക്കി മാറ്റിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി രാജീവ് റെഡ്ഡിയാണ് വരന്. വിവാഹത്തിന് എല്‍.സി.ഡി. ക്ഷണക്കത്താണ് വിതരണം ചെയ്തത്. കുടുംബക്കാര് ചേര്‍ന്ന് അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എല്‍.സി.ഡി. ക്ഷണക്കത്ത് നേരത്തെ ചര്‍ച്ചയായിരുന്നു.
ബെംഗളൂരു ഇതുവരെ കണ്ടിട്ടില്ലാത്ത ആര്‍ഭാടങ്ങളുടെ അകമ്പടിയിലാണ് വിവാഹം നടക്കുന്നത്. നവംബര്‍ 12ന് നടന്ന മെഹന്ദിയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പ്രമുഖര്‍ പങ്കെടുത്ത സംഗീതപരിപാടിയായിരുന്ന ആദ്യ ദിവസത്തെ ആകര്‍ഷണം. ആഘോഷം അഞ്ചുദിവസം നീളും. ബുധനാഴ്ചയാണ് മാംഗല്യം. വധുവിന്റെ വസ്ത്രശേഖരത്തില്‍ വിവാഹദിനത്തില്‍ അണിയുന്നതിനായി 19 കോടി വിലമതിക്കുന്ന സാരിയും ഉള്‍പ്പെടുന്നു. ഈ സാരിയില്‍ 90 കോടി രൂപ വില വരുന്ന ആഭരണങ്ങളും ചേര്‍ത്തിട്ടുണ്ട്.
14-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന കൃഷ്ണദേവരായരുടെ പുനരവതാരമാണ് താനെന്ന് വിശ്വസിക്കുന്ന ജനാര്‍ദന റെഡ്ഡി ബെംഗളൂരുവിലെ 36 ഏക്കര്‍ വരുന്ന പാലസ് ഗ്രൗണ്ടിലാണ് മകളുടെ വിവാഹം നടത്തുന്നത്. പഴയ കാലത്തെ കൊട്ടാരത്തിന്റെ മാതൃകയിലാണ് വിവാഹവേദി. ഇതൊരുക്കാന്‍ മാത്രം 150 കോടി രൂപ ചെലവായതായാണ് റിപ്പോര്‍ട്ട്. ഹംപിയിലെ വിജയ വിറ്റാല ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന കല്യാണ മണ്ഡപമാണ് ഒരുക്കിയിരിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിലെ എട്ട് പൂജാരിമാരാണ് ചടങ്ങുകള്‍ നടത്തുക.
വിവാഹത്തിന് കൊഴുപ്പേകാന്‍ ആനകള്‍, ഒട്ടകം, രഥങ്ങള്‍ എന്നിവയെല്ലാം എത്തിച്ചിട്ടുണ്ട്. ബെല്ലാരിയിലെ ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഭക്ഷണമുറി ക്രമീകരിച്ചിരിക്കുന്നത്. ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖും കത്രീന കൈഫും അവതരിപ്പിക്കുന്ന പരിപാടിയാണ് ചടങ്ങിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
ആലിയ ഭട്ട്, പ്രഭു ദേവ, വരുണ്‍ ധവാന്, രാകുല്‍ പ്രീത് സിങ്, പ്രിയമണി, തമന്ന തുടങ്ങിയ വന്താര നിര തന്നെ വിവാഹത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹച്ചടങ്ങില്‍ 30,000 അതിഥികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ക്ഷണിതാക്കള്‍ക്ക് താമസിക്കാനായി സ്റ്റാര്‍ ഹോട്ടലുകളിലെ 1500 മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവരെ വിവാഹവേദിയിലെത്തിക്കാന്‍ 2000 കാബുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. വി.ഐ.പികള്‍ക്ക് എത്തിച്ചേരാനായി 15 ഹെലിപ്പാഡുകള് തയ്യാറാക്കിയിട്ടുണ്ട്. വി.ഐ.പികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുമുണ്ട്.
ബോംബ് സ്ക്വാഡുകള്‍, പോലീസ് നായകള്‍, 300 പോലീസുകാര്‍ എന്നിവരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമെ ചടങ്ങിനെത്തുന്നവരുടെ സുരക്ഷയ്ക്കായി 3000 സുരക്ഷാ ജീവനക്കാരെ വേറെയും വിന്യസിച്ചിട്ടുണ്ട്. ഇവന്റ് മാനേജ്മെന്റിന് മാത്രം 10 കോടിയാണ് ചിലവിട്ടത്.
നോട്ടു പിന്‍വലിക്കലിന് പിന്നാലെ ജനങ്ങള്‍ വലയുമ്പോള്‍ ഇത്രയും ആര്‍ഭാടത്തോടെ സംഘടിപ്പിച്ചിരിക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പിയുടെ ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആഡംബര കല്യാണത്തിനു പിന്നില്‍ കള്ളപ്പണമാണെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി. നേതാക്കള്‍ മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
കള്ളപ്പണം തടയുന്നതിന്റെ പേരില്‍ നോട്ടുകള്‍ നിരോധിച്ച് സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട കേന്ദ്രസര്‍ക്കാര്‍, കോടികള്‍ ചെലവിട്ട് ബി.ജെ.പി. നേതാവ് മകളുടെ വിവാഹം നടത്തുന്നത് കണ്ടില്ലെന്നുനടിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ബി.ജെ.പി. നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജനാര്‍ദന റെഡ്ഡി കേസിനെ തുടര്‍ന്ന് ബി.ജെ.പി. വിട്ട് ബി. ശ്രീരാമുലുവിനൊപ്പം ചേര്‍ന്ന് ബി.എസ്.ആര്. കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..