ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യമാക്കണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അപ്രായോഗികമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇടപാടിനെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ കരാര്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കും. മുന്‍ സര്‍ക്കാരുകളുടെ കാലത്തും ഇത്തരത്തില്‍ തന്നെയാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. നുണകള്‍ പ്രചരിപ്പിച്ച് അധികാരത്തില്‍ വരാനാണ് പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുന്നതെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഇസ്രയേലിന്റെ മാതൃകയില്‍ അത്യാധുനിക അതിര്‍ത്തി സുരക്ഷാ സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. കരയും കടലും ഉള്‍പ്പെടുന്ന 22,000 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി മേഖലയില്‍ വേലി നിര്‍മിക്കുന്നത് സാധ്യമായ കാര്യമല്ല. അതുകൊണ്ടാണ് ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായാണ് സര്‍ക്ക് പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൊബൈല്‍ നിര്‍മിക്കുന്ന മൂന്ന് ഫാക്ടറികള്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു വര്‍ഷത്തിനുള്ളില്‍ 100 പുതിയ മൊബൈല്‍ ഫാക്ടറികള്‍ രാജ്യത്തുണ്ടായതായും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു.

Content Highlighsts: Rafale deal, Rajnath Singh, BJP, Congress