ലഖ്‌നൗ: പാര്‍ട്ടിയില്‍ ഉള്‍പ്പോരിന് തിരികൊളുത്തി മുതിര്‍ന്ന ബിജെപി നേതാവ് സംഘ്പ്രിയ ഗൗതമിന്റെ പ്രസ്താവന. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയും അമിത് ഷായെ മാറ്റി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനാക്കുകയും വേണമെന്ന ആവശ്യവുമായാണ് സംഘ്പ്രിയ ഗൗതം രംഗത്തെത്തിയിരിക്കുന്നത്.

യോഗി ആദിത്യനാഥിനെ മാറ്റി രാജ്‌നാഥ് സിങിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യോഗി ആദിത്യനാഥ് മതപരമായ കാര്യങ്ങളിലേക്ക് തിരിച്ച് പോകണമെന്നും സംഘ്പ്രിയ ഗൗതം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

2019-ല്‍ മോദി തരംഗമുണ്ടാകുമോ എന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മോദിയുടെ മന്ത്രങ്ങള്‍ വീണ്ടും പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യം സ്വമേധയാ സമ്മതിക്കുകയും മൗനം പാലിക്കുകയുമാണ്. 

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രോഷം പടര്‍ന്ന്പിടിക്കുകയാണ്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാകും. പല സംസ്ഥാനങ്ങളിലും പാര്‍ട്ടി തുടച്ച് നീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു 88 കാരനായ സംഘ്പ്രിയ ഗൗതം.

Content Highlights: Make Nitin Gadkari Deputy PM, Shivraj Chouhan Party Chief: BJP Veteran