ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏഴ് കോര്‍പ്പറേറ്റ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ 41 ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡുകള്‍ വിഭജിച്ച് രൂപം നല്‍കിയതാണ് ഇവ.

സ്വാതന്ത്യത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ പ്രതിരോധ മേഖലയില്‍ നിരവധി സുപ്രധാന പരിഷ്‌കാരങ്ങള്‍ നടന്നു. മുമ്പൊരിക്കലുമില്ലാത്ത സുതാര്യതയോടും വിശ്വാസ്യതയോടുമാണ് ഇതെല്ലാം നടന്നതെന്നും മോദി അവകാശപ്പെട്ടു. പ്രതിരോധ സാമഗ്രികളുടെ പ്രധാന ഉത്പാദക രാജ്യമായി ഇന്ത്യയെ മാറ്റാന്‍ മുരടിച്ച പഴയ നയങ്ങള്‍ക്ക് പകരം പുതിയ എകജാലക സംവിധാനം ഏര്‍പ്പെടുത്തിയതായും മോദി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം ഓര്‍ഡന്‍സ് ഫാക്ടറികളുടെ നവീകരണവും, പുതിയ സാങ്കേതിക വിദ്യകളും രാജ്യത്തിന് ആവശ്യമായിരുന്നു. എന്നാല്‍ അതൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. സ്വാശ്രയത്വ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുകയും ആധുനിക സൈനിക മേഖലയുടെ വികസനവുമാണ് രാജ്യത്തിന്റെ ലക്ഷ്യം. പുതിയ ഭാവി കെട്ടിപ്പടുക്കാന്‍ രാജ്യം പുതിയ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്താനാണ് 200 വര്‍ഷത്തിലേറെ പഴക്കമുള്ള ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചത്. കര, നാവിക, വ്യോമ സേനകള്‍ക്കാവശ്യമായ സാമഗ്രികള്‍ നിര്‍മിക്കുന്ന ഫാക്ടറികളാണ് ഓര്‍ഡന്‍സ് ഫാക്ടറികള്‍. ആയുധങ്ങള്‍, സേനാ വാഹനങ്ങള്‍, യന്ത്രത്തോക്കുകള്‍, വെടിയുണ്ടകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ തുടങ്ങിയവയാണ് ഇവിടെ നിര്‍മിക്കുന്നത്.

content highlights: Make India World's Biggest Military Power says PM Modi