ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലുമായി സിബിഐ. നീറ്റില്‍ ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നുവെന്നും ഇതിനായി വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷം  വീതം വാങ്ങിയതായും സിബിഐ കണ്ടെത്തി. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.കെ എജ്യൂക്കേഷന്‍ കരിയര്‍ ഗൈഡന്‍സിനും അതിന്റെ ഡയറക്ടര്‍ പരിമള്‍ കോത്പാലിവാറിനും എതിരേയാണ് ആരോപണം. പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടന്നത്. 

സംഭവത്തില്‍ ആര്‍.കെ. എജ്യൂക്കേഷന്‍ കരിയര്‍ ഗൈഡന്‍സ്, ഡയറക്ടര്‍ പരിമള്‍ കോത്പാലിവാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളില്‍ നിന്ന് 50 ലക്ഷം വീതം വാങ്ങിയതായും സിബിഐ വ്യത്തങ്ങള്‍ പറഞ്ഞു. 

മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്താണ് പരിമള്‍ കോത്പാലിവാര്‍ തട്ടിപ്പുകള്‍ നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ ബന്ധപ്പെട്ടാണ് ഇക്കാര്യങ്ങള്‍ പരിമള്‍ മുന്നോട്ട് നീക്കിയിരുന്നത്. വിദ്യാര്‍ഥികള്‍ക്കു പകരം മറ്റൊരാളെ കൊണ്ട് പരീക്ഷ എഴുതിക്കുന്നത് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്താനുള്ള നീക്കമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.  

ഉറപ്പിനായി കോച്ചിങ് സെന്റര്‍ മാതാപിതാക്കളില്‍നിന്നും തുല്യ തുകക്കുള്ള ചെക്കും വിദ്യാര്‍ഥികളുടെ 10, 12 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റും വാങ്ങിവെച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 50 ലക്ഷം രൂപ നല്‍കിയ ശേഷം മാത്രമേ ഇതു മടക്കി നല്‍കുകയുള്ളൂ.

പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ്‌വേഡും പരിമളും സഹായികളും ശേഖരിച്ചിരുന്നു. ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം ലഭിക്കാനായി ഇതുപയോഗിച്ച് തിരുത്തലുകള്‍ വരുത്തിയിരുന്നു. മറ്റൊരാളെക്കൊണ്ട് പരീക്ഷ എഴുതിപ്പിക്കാനായി വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോകളിലും കൃത്രിമം നടത്തിയിരുന്നു. വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കാനായി ഇവര്‍ വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡിന്റെ ഇ- കോപ്പിയും ശേഖരിച്ചിരുന്നു. 

ഇത്തരത്തില്‍ പരീക്ഷ എഴുതാനായി പരിമള്‍ ചുമതലപ്പെടുത്തിയ അഞ്ച് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. വിവരം ലഭിച്ചതിനേ തുടര്‍ന്ന് പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ കാത്തുനിന്ന ഉദ്യോഗസ്ഥര്‍ ഇവര്‍ പരീക്ഷ എഴുതും മുമ്പ് പിടികൂടുകയായിരുന്നു. കരിയര്‍ ഡൈഡന്‍സ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയതായും ചിലരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Major Scam In NEET Medical Exams Found, Says CBI