ന്യൂഡല്‍ഹി: രാജ്യത്തെ അതിരൂക്ഷ കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്. 12 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. 

സൗജന്യ വാക്‌സിന്‍ വിതരണം, വാക്‌സിന്‍ ശേഖരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, സാമ്പത്തിക സഹായം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോവിഡ് മഹാമാരിയെ നേരിടാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ അയച്ച കത്തില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. 

ഞങ്ങള്‍ ഇതിനു മുന്‍പുംം ഈ വിഷയങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാരിന് അനായാസേനെ നടപ്പാക്കാനാവുന്ന ഈ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തു. രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുന്നതിലേക്ക് ഇത് വഴിതെളിയിച്ചുവെന്ന് കത്തില്‍ പറയുന്നു. 

പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.. 

  • സാധ്യമായ എല്ലായിടത്തുനിന്നും വാക്‌സിന്‍ ശേഖരിക്കുക. 
  •  രാജ്യത്തെ എല്ലാവര്‍ക്കും ഉടനടി സൗജന്യ വാക്‌സിന്‍ വിതരണം ചെയ്യുക.വാക്‌സിന്‍ ശേഖരണത്തിനും വിതരണത്തിനുമായി ബജറ്റില്‍ നിന്ന് 35000 കോടി ചെലവഴിക്കുക
  • രാജ്യത്തെ വാക്‌സിന്‍ നിര്‍മാണം വിപുലപ്പെടുത്താനായി നിര്‍ബന്ധിത ലൈസന്‍സ് സംവിധാനം
  • കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുക. ഈ പണം കോവിഡ് ചികിത്സയ്ക്കു ഓക്‌സിജന്‍ വാങ്ങാനും വാക്‌സിന്‍ വാങ്ങാനും ഉപയോഗിക്കുക
  • കണക്കില്‍പ്പെടാതെ സ്വകാര്യ ഫണ്ടുകള്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് മാറ്റി കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുക
  • രാജ്യത്തെ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 6000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുക
  • ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക
  • കാര്‍ഷിക നിയമം പിന്‍വലിക്കുക, കര്‍ഷകര്‍ കോവിഡ് പ്രതിസന്ധിയില്‍ അകപ്പെടുന്നത് തടയുക. 

രാജ്യത്തെ പ്രധാനപ്പെട്ട 12 പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. എന്നാല്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും കത്തില്‍ ഒപ്പും വെക്കുന്നതില്‍ നിന്ന് വിട്ടുനിന്നു.

Content Highlights: major Opposition Parties Send Joint Letter With 8 Points