ന്യൂഡല്‍ഹി: കോവിഡ് കേസുകളില്‍ അടുത്തിടെ വര്‍ധന രേഖപ്പെടുത്തിയ കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നാല് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തും എത്തിയ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറയ്ക്കരുത്. മറ്റുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തല്‍, ചികിത്സ എന്നിവ ഉള്‍പ്പെട്ട പദ്ധതി കാര്യക്ഷമമാക്കണം. മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിര്‍ദ്ദേശിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ കാര്യം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നേരത്തെ എടുത്തുപറഞ്ഞിരുന്നു. വിവിധ വാക്‌സിനുകള്‍ രാജ്യത്തുണ്ടെങ്കിലും കോവിഡ് വ്യാപനത്തിന് എതിരായ പോരാട്ടം വെല്ലുവിളി നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്നതാണ് മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥിതിവിശേഷമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
52,000 സജീവ കേസുകളുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ മുന്നില്‍നിന്നിരുന്നത്. 50,000 മരണങ്ങള്‍ മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ സജീവ കേസുകളുടെ എണ്ണം 65,000 ആയി കുതിച്ചുയര്‍ന്നിട്ടുണ്ട്. ഛത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും 9000ത്തോളം സജീവ കേസുകളാണ് നിലവിലുള്ളത്. പശ്ചിമ ബംഗാളില്‍ 10,000 പേരും ഛത്തീസ്ഗഢില്‍ 3500 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
കേരളത്തില്‍ 5000ത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 3700 ഓളവും ഛത്തീസ്ഗഢില്‍ ആയിരത്തോളവും ബംഗാളില്‍ 900ത്തോളവും പുതിയ കേസുകള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. കേരളത്തില്‍ യു.കെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഇതുവരെ ആറുപേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Content Highlights: Maintain strict vigil: centre warns four states