മഹുവ മൊയിത്ര - Photo - PTI
ന്യൂഡല്‍ഹി: ലോക്സഭയില്‍ വ്യാഴാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കത്തിക്കയറി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര. എണ്‍പത് ശതമാനവും 20 ശതനമാനവും തമ്മിലുള്ള യുദ്ധം ഈ റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സര്‍ക്കാരിനെ അവര്‍ ഓര്‍മ്മിപ്പിച്ചു.
'നിങ്ങള്‍ (ബി.ജെ.പി) ചരിത്രത്തെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നു. ഭാവിയെ ഭയപ്പെടുന്നു, വര്‍ത്തമാനകാലത്തെ അവിശ്വസിക്കുന്നു. വൈവിധ്യത്തില്‍ നിലനില്‍ക്കുന്ന ഒരു ഭാവി ഇന്ത്യയെ നിങ്ങള്‍ ഭയപ്പെടുന്നു. കേവലം വോട്ടില്‍ മാത്രം തൃപ്തരല്ല നിങ്ങള്‍. ഞങ്ങളുടെ വീടിനുള്ളില്‍ ഞങ്ങളുടെ മസ്തിഷ്കത്തിനുള്ളില്‍ പ്രവേശിച്ച് ഞങ്ങളോട് എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരെ സ്നേഹിക്കണം എന്നെല്ലാം പറയാന്‍ നിങ്ങളാഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഭയത്തിന് മാത്രം ഭാവിയെ അകറ്റി നിര്‍ത്താന്‍ സാധിക്കില്ല. ഏത് തരത്തിലുള്ള റിപ്പബ്ലിക്കാണ് നമുക്ക് വേണ്ടത്. ഏത് തരത്തിലുള്ള ഇന്ത്യ എന്ന സങ്കല്പ്പത്തിനായാണ് നാം നിലകൊള്ളേണ്ടത്... നാം പോരാടേണ്ടത്. നമ്മുടേത് ഒരു ജീവിക്കുന്ന ഭരണഘടനയാണ്. അത് എത്രകാലം ജീവിക്കണമെന്ന് നാം ആഗ്രഹിക്കുന്നടത്തോളം മാത്രമേ അതിന് ശ്വസിക്കാനാവുകയുള്ളു. അല്ലാത്തപ്പോള്‍ അത് കേവലം കടലാസ് കഷ്ണം മാത്രമാണ്.
റിപ്പബ്ലിക് ദിന പരേഡില്‍ ബംഗാളിന്റെയും കേരളത്തിന്റെയും തിമിഴ്നാടിന്റെയും നിശ്ചലദൃശ്യങ്ങള്‍ ഒഴിവാക്കി നേതാജിയെയും ശ്രീനാരായണ ഗുരുവിനെയും തിരുവള്ളുവരെയും അപമാനിച്ചതും മഹുവ ചൂണ്ടിക്കാട്ടി. 'സവര്‍ക്കറിനെ വീരപുരുഷനായി സ്വാതന്ത്ര്യ സമര സേനാനിയായി പുനര്‍നിര്‍മ്മിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷെ നമ്മുടെ യഥാര്‍ഥ നായകരെ ഈ സര്‍ക്കാര്‍ ഭയപ്പെടുന്നു..
നമ്മുടെ അന്നദാതാക്കളായ കര്‍ഷകരെ ഈ സര്‍ക്കാര്‍ തെറ്റിദ്ധരിച്ചിരിക്കയാണ്. പടിഞ്ഞാറന്‍ യു.പിയില്‍ തോക്കുമെന്ന് ഭയന്ന് മാത്രമാണ് ഈ സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. ഇത്തവണ അവര്‍ ഒന്നും മറക്കില്ല. നിങ്ങളുടെ മന്ത്രിയുടെ മകന് എങ്ങനെയാണ് കര്‍ഷകരുടെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കിയതെന്ന് അവര്‍ ഒരിക്കലും മറക്കില്ല.
'നികുതി പണമെടുത്ത് സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ചാരപ്പണി നടത്താനുള്ള സോഫ്റ്റ്വെയര് വാങ്ങുകയാണ് സര്‍ക്കാര്‍. പെഗസാസ് വിഷയത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് നുണപറയുകയാണത്രേ.. സിറ്റിസെന്ലാബും, ആംനെസ്റ്റിയും, ഫ്രെഞ്ച്, ജര്‍മ്മന്‍ സര്‍ക്കാരുകളും എല്ലാവരും നുണപറയുന്നു. സത്യം പറയുന്നത് മോദി സര്‍ക്കാര്‍ മാത്രം'- മഹുവ പരിഹസിച്ചു. ബംഗാളിലെ ഒരു ദരിദ്രനായ വോട്ടര്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് മൊഹുവ മൊയ്ത്ര തന്റെ പ്രസംഗം അവസാനിപ്പിച്ചത്- ' നിങ്ങള്‍ക്കിത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ഞങ്ങള്‍ക്കിത് നിലനില്‍പ്പിനായുള്ള പോരാട്ടവും..'
ഇത്ര ദേഷ്യം പാടില്ലെന്ന് അധ്യക്ഷ
:പ്രസംഗത്തിലുടനീളം സർക്കാരിനെതിരേ രോഷത്തോടെ ആരോപണങ്ങളുയർത്തിയ മഹുവ മൊയിത്രയോട്, ഇത്ര ദേഷ്യം പാടില്ലെന്ന് സഭ നിയന്ത്രിച്ചുകൊണ്ടിരുന്ന പാനൽ അംഗം രമാദേവി. കുറച്ച് സ്നേഹത്തോടെ സംസാരിക്കണമെന്ന് രമ ഉപദേശിച്ചു. തുടർന്ന് അധ്യക്ഷയുടെ നിർദേശം അംഗീകരിക്കുന്നെന്ന് പറഞ്ഞ് ചെറു ബംഗാളി കവിതാശകലം പറഞ്ഞ്, മഹുവ വീണ്ടും പ്രസംഗത്തിലേക്ക് മടങ്ങി. എന്നാൽ, പ്രസംഗം നീണ്ടപ്പോൾ രമാദേവി മഹുവയുടെ മൈക്ക് ഓഫ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് മഹുവ കുറച്ചുനേരം ബഹളംവെച്ചു.
Content Highlights: Mahua Moitra fiery speech in parliament
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..