ന്യൂഡല്‍ഹി:  ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം പിന്മാറി. 2003 ല്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ മദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യം അറിയിച്ചു. ഇതേ തുടര്‍ന്ന് മദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് അബ്ദുള്‍ നാസര്‍ മദനിയുടെ അപേക്ഷ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ അപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ 2003 ല്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മദനിക്ക് വേണ്ടി ഹാജരായിരുന്ന കാര്യം ജസ്റ്റിസ് രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നതായും ജസ്റ്റിസ് രാമസുബ്രഹ്മണ്യം അറിയിച്ചു.

അബ്ദുല്‍ നാസര്‍ മദനിക്ക് വേണ്ടി അഭിഭാഷകരായ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നത്. ജസ്റ്റിസ് രാമസുബ്രഹ്മണ്യം പിന്മാറിയതിനാല്‍ ഇവരുടെ വാദം കോടതി ഇന്ന് കേട്ടില്ല. ഇതിനിടെ മദനിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്തു.

അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തില്‍ പോകാന്‍ മദനിയെ അനുവദിച്ചാല്‍ ഭീകരവാദികളുടെ  സഹായത്തോടെ വിചാരണ നടപടികളില്‍ നിന്ന് ഒളിച്ചോടാന്‍ സാധ്യത ഉണ്ട്. അബ്ദുല്‍ നാസര്‍ മദനി കേരളത്തില്‍ എത്തിയാല്‍ ഒളിവില്‍ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകര വാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്റ്റേറ്റ്‌മെന്റില്‍ ആരോപിച്ചിട്ടുണ്ട്.

അതേസമയം കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഇരുപത്തിയാറ് പേജ് ദൈര്‍ഘ്യമുള്ള സ്റ്റേറ്റ്‌മെന്റില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മദനിയുടെ അഭിഭാഷകര്‍ ആരോപിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മഅ്ദനിക്കെതിരെ കേസുണ്ടെന്നത് ഉള്‍പ്പടെ നിരവധി അസത്യങ്ങളാണ് കര്‍ണാടകം കോടതിയെ അറിയിച്ചിരിക്കുന്നത്. വിവിധ കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസ്സുകളാണ് കര്‍ണാടകം മദനിയെ എതിര്‍ക്കാനായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകര്‍ അറിയിച്ചു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

Content Highlight: Mahdani 's plea ,new bench,  Supreme Court