ഗാന്ധിജി മുംബൈയിലെ ഒരു വേദിയിൽ സംസാരിക്കുന്നു(ഫയൽചിത്രം | ഫോട്ടോ : മാതൃഭൂമി
ഒരു ജനതയ്ക്കായി സ്വന്തം ജീവിതവും ചിന്തകളും പ്രവര്‍ത്തനങ്ങളും മാറ്റി വെച്ച ഒരു വ്യക്തിയ്ക്ക് മഹാത്മാ എന്നതിനപ്പുറം മികച്ച വിശേഷണം നല്‍കാനില്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ആ മഹദ് വ്യക്തിത്വത്തെ മഹാത്മാ എന്ന് വിളിച്ചത് നൊബേല്‍ സമ്മാനിതനായ രവീന്ദ്രനാഥ ടാഗോറാണ്. എന്നാല്‍ പൂര്‍ണമായും അഹിംസയിലൂന്നിയുള്ള ഗാന്ധിജിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാതെ പോയതിന് കാരണമെന്താവാം എന്ന ചോദ്യം ആവര്‍ത്തിച്ച് ഉന്നയിക്കപ്പെടുന്നു.
മഹാത്മാ ഗാന്ധിയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം എന്ത് കൊണ്ട് നല്‍കിയില്ല? അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ കാലങ്ങളായുള്ള ഈ ചോദ്യത്തിന് ഒരു വിശദീകരണം നല്‍കിയിരിക്കുകയാണ് നൊബേല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍. കടുത്ത 'ദേശസ്‌നേഹി'യും 'സ്വദേശാഭിമാനി'യുമായ ഒരു വ്യക്തിയായിരുന്ന കാരണത്താലാണ് മഹാത്മാ ഗാന്ധിയെ സമാധാനത്തിനുള്ള ഉന്നതപുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നത് എന്നാണ് നൊബേല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന 'വിശദീകരണം'.
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് ധാരാളം ആരാധകരുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് വിമര്‍ശകരും കുറവല്ല. അഞ്ച് തവണയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പേര് നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്- 1937, 1938, 1939, 1947, കൂടാതെ 1948 ജനുവരിയില്‍ അദ്ദേഹം വധിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്. 1989-ല്‍ ദലൈ ലാമ പുരസ്‌കാരലബ്ധനായ സമയത്ത് ഗാന്ധിജിയ്ക്ക് പുരസ്‌കാരം നിഷേധിക്കപ്പെട്ടതില്‍ നൊബേല്‍ കമ്മിറ്റിയിലെ ഒരംഗം പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. ദലൈലാമയ്ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് ഗാന്ധി സ്മരണയോടുള്ള ബഹുമാനം കൂടി ഉള്‍പ്പെടുന്നതായി കമ്മിറ്റി ചെയര്‍മാന്‍ അന്ന് പറഞ്ഞു. പക്ഷെ, ഗാന്ധിജിയ്ക്ക് പുരസ്‌കാരം നിഷേധിക്കപ്പെട്ടതിനെ കുറിച്ച് കമ്മിറ്റി പരസ്യപ്രതികരണം ഒരിക്കലും നടത്തിയിരുന്നില്ല.
യൂറോപ്പിലേയും അമേരിക്കയിലേയും ഇന്ത്യക്കാരുടെ താത്പര്യസംരക്ഷണത്തിനായി 1930- ല്‍ സ്ഥാപിക്കപ്പെട്ട ഫ്രണ്ടസ് ഓഫ് ഇന്ത്യ അസോസിയേഷനിലെ ഒരു നോര്‍വീജിയന്‍ പ്രവര്‍ത്തക എഴുതിയ ലേഖനത്തില്‍നിന്ന് ഗാന്ധിജിയെ കുറിച്ചറിഞ്ഞ ഒലെ കോള്‍ജോര്‍സന്‍ ആണ് ആദ്യമായി ഗാന്ധിജിയെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട 13 പേരിലൊരാളായിരുന്നു ഗാന്ധിജി.
ഇന്ത്യന്‍ ജനതയുടെ ആരാധന ഏറ്റുവാങ്ങാന്‍ തികച്ചും യോഗ്യനായ വ്യക്തി-സ്വാതന്ത്യസമര സേനാനി, പ്രചോദകന്‍, ദേശീയവാദി, യോഗി-എല്ലാ നിലയിലും രാഷ്ട്രപിതാവ് എന്ന് വിളിക്കപ്പെടാന്‍ യോഗ്യന്‍. പക്ഷെ, സ്വരാജ്യസ്‌നേഹിയായ തികച്ചും സാധാരണ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിനപ്പുറം അദ്ദേഹത്തിന് അമാനുഷിക പരിവേഷം നല്‍കാന്‍ സാധിക്കില്ല. ചില നേരങ്ങളില്‍ ക്രിസ്തുവിന് തുല്യനാണെങ്കിലും ഒരു സാധാരണ ഇന്ത്യന്‍ ദേശീയവാദിയായിരുന്നു അദ്ദേഹമെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളായ പ്രൊഫ. ജേക്കബ് വേം മുള്ളര്‍ അന്ന് ഗാന്ധിജിയുടെ നാമനിര്‍ദേശത്തെ എതിര്‍ത്തു.
ആഗോളതലത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രസക്തമാണോയെന്നും മുള്ളര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നുവെന്നും അവിടത്തെ ഇന്ത്യക്കാരുടെ ജീവിതാവസ്ഥയേക്കാള്‍ പരിതാപകരമായ സ്ഥിതിവിശേഷമുണ്ടായിരുന്ന കറുത്ത വര്‍ഗക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല എന്ന കാര്യം പ്രത്യേകം ഓര്‍മിക്കേണ്ടതാണെന്നും മുള്ളര്‍ കുറ്റപ്പെടുത്തി.
1937 മുതല്‍ 1947 വരെയുള്ള പത്ത് വര്‍ഷക്കാലം ഗാന്ധിജി നടത്തിയ സമരപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമെന്ന വലിയ ലക്ഷ്യം നേടിക്കൊടുത്തെങ്കിലും, രാജ്യത്തെ വിഭജിച്ച് ആ നേട്ടത്തെ നിറം കെടുത്തിയെന്നും ഒരു നേതാവിന്റെ പരാജയമാണിതെന്നും നൊബേല്‍ കമ്മിറ്റി ലേഖനത്തില്‍ പറയുന്നു. ഏറ്റവും ഒടുവില്‍ 1947-ല്‍ നൊബേല്‍ സമാധാനസമ്മാനം നേടിയ ഫ്രണ്ട്‌സ് സര്‍വീസ് കൗണ്‍സിലും അമേരിക്കന്‍ ഫ്രണ്ട്‌സ് സര്‍വീസ് കമ്മിറ്റിയും പുരസ്‌കാരത്തിന് അര്‍ഹത നേടിയത് രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിനും മനുഷ്യരനുഭവിക്കുന്ന കഷ്ടപ്പാടുകല്‍ കുറയ്ക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ്.
1948-ല്‍ ജീവിച്ചിരിക്കുന്ന അര്‍ഹതയുള്ള വ്യക്തികളില്ല എന്ന കാരണത്താല്‍ സമാധാനത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. മരണാനന്തരം ഗാന്ധിജിക്ക് സമ്മാനം നല്‍കുന്നതിനെ അന്നത്തെ കമ്മിറ്റി ചെയര്‍മാന്‍ എതിര്‍ക്കുകയും ചെയ്തു. അദ്ദേഹം എഴുതിയ മരണപത്രത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ് മരണാനന്തരപുരസ്‌കാരമെന്നതില്‍ തനിക്ക് സംശയമില്ലെന്നാണ് കമ്മിറ്റി അധ്യക്ഷനായിരുന്ന ഗുന്നര്‍ ജാന്‍ തന്റെ ഡയറിയില്‍ കുറിച്ചത്.
ഗാന്ധിജി ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടതും ഇന്ത്യ-പാകിസ്താന്‍ വിഭജന വിഷയത്തെ മുന്‍നിര്‍ത്തിയാണ്. അഹിംസയും സമാധാനവര്‍ത്തിത്വവും തുടരുമ്പോഴും ഇരു മതസ്ഥര്‍ക്കിടയിലെ വിടവ് വര്‍ധിക്കാന്‍ രാജ്യത്തിന്റെ വിഭജനം ഒരു തരത്തില്‍ കാരണമായി എന്ന് ഗാന്ധിജി വിമര്‍ശിക്കപ്പെടുമ്പോള്‍ അഹിംസയുടേയും സഹിഷ്ണുതയുടേയും വഴികള്‍ തന്നെയാണ് അദ്ദേഹം സമരസന്ദര്‍ഭങ്ങളില്‍ പിന്തുടര്‍ന്നിരുന്നത് എന്നത് അദ്ദേഹത്തെ വ്യത്യസ്തനും മഹാനുമാക്കുന്നു. നൊബേല്‍ കമ്മിറ്റിയുടെ പുരസ്‌കാരം ലഭിക്കാത്തത് കമ്മിറ്റിയുടെ പോരായ്മയായാണ് ലോകം വിലയിരുത്തുന്നത്.
Mahatma Gandhi missed Nobel Prize for being too much of a 'nationalist' Nobel Prize Organisation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..