ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയുടെ മുന്നിൽ (ഫയൽചിത്രം) | Photo : PTI
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയ്ക്ക് ഏതെങ്കിലും സര്‍വകലാശാലയുടെ ബിരുദമോ നിയമബിരുദമോ ഉണ്ടായിരുന്നില്ലെന്നും അത്തരത്തിലൊരു തെറ്റിധാരണ ഭൂരിഭാഗം ജനങ്ങള്‍ക്കുമുണ്ടെന്നും ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സത്യം മാത്രമായിരുന്നു ഗാന്ധിജി മുറുകെപ്പിടിച്ചത്. വെറുമൊരു ബിരുദം കരസ്ഥമാക്കുന്നതിലല്ല കാര്യമെന്നും മനോജ് സിന്‍ഹ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശത്തിന് മഹാത്മ ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത ചൂണ്ടിക്കാട്ടി പരോക്ഷമായി പ്രതികരികരിക്കുകയായിരുന്നു സിന്‍ഹ. വിദ്യാസമ്പന്നനല്ലാത്ത പ്രധാനമന്ത്രിയ്ക്ക് 21-ാം നൂറ്റാണ്ടിന്റെ ഇന്ത്യയെ ഏതുവിധത്തില്‍ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നായിരുന്നു കെജ്‌രിവാളിന്റെ പരിഹാസം.
"ഗാന്ധിജിയ്ക്ക് വിദ്യാഭ്യാസമില്ലെന്ന് ആരെങ്കിലും പറയുമോ? അതുപറയാനുള്ള ധൈര്യം ആര്‍ക്കുമില്ല. ഏതെങ്കിലും സര്‍വകലാശാലാ ബിരുദമോ യോഗ്യതയോ അദ്ദേഹത്തിനില്ല. ഗാന്ധിജി നിയമബിരുദം നേടിയിട്ടുണ്ടെന്നാണ് പലരും കരുതുന്നത്. പക്ഷെ അദ്ദേഹത്തിന് നിയമബിരുദമില്ല. ഹൈസ്‌കൂള്‍ ഡിപ്ലോമയാണ് അദ്ദേഹത്തിന്റെ ഏകയോഗ്യത. നിയമവ്യവഹാരം നടത്തുന്നതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്. നോക്കൂ നമ്മുടെ രാഷ്ട്രപിതാവ് വിദ്യാഭ്യാസയോഗ്യത എന്താണെന്ന്...", പൊതുപരിപാടിയില്‍ സംസാരിക്കവേ സിന്‍ഹ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ബിരുദം നേടുന്നതാണ് വിദ്യാഭ്യാസം എന്ന പൊതുധാരണ തെറ്റാണെന്നും അതിനുപരി മറ്റുപലതുമാണ് വിദ്യാഭ്യാസം എന്നാണ് താന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം കുറഞ്ഞ ഒരു പ്രധാനമന്ത്രിയ്ക്ക് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വാര്‍ത്തെടുക്കാനാവുമോ എന്നും വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയായിരുന്നു നമുക്കുള്ളതെങ്കില്‍ വിദ്യാലയങ്ങളുടെ പ്രാധാന്യം മനസിലാക്കുകയും അവ അടച്ചുപൂട്ടുന്നതിന് പകരം കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യുമായിരുന്നു എന്നും വ്യാഴാഴ്ച ജന്തര്‍മന്ദറില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ കെജ്‌രിവാൾ പറഞ്ഞിരുന്നു.
രാജ്യത്താകമാനം ആയിരത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയതായും കെജ്‌രിവാള്‍ അവകാശപ്പെട്ടു. 21-ാം നൂറ്റാണ്ടില്‍ വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെ ആവശ്യമില്ലേയെന്നും വിദ്യാഭ്യാസം കുറഞ്ഞ ഒരു പ്രധാനമന്ത്രിയ്ക്ക് 21-ാം നൂറ്റാണ്ടിനെ വാര്‍ത്തെടുക്കുന്നതില്‍ എത്തരത്തില്‍ സഹായിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: Mahatma Gandhi ,university degree, Jammu Kashmir Lieutenant Governor, Manoj Sinha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..