മുംബൈ: മഹാരാഷ്ട്രയില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹാവികാസ് അഘാഡി സഖ്യത്തിന് നേട്ടം. 85 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും 144 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 

85 ജില്ലാ പരിഷത്ത് സീറ്റുകളില്‍ മഹാവികാസ് അഘാഡി സഖ്യത്തിലെ പാര്‍ട്ടികളായ കോണ്‍ഗ്രസ് 17, എന്‍സിപി 17, ശിവസേന 12 എന്നിങ്ങനെ സീറ്റുകളിലാണ് ജയിച്ചത്. ബിജെപിക്ക് 23 സീറ്റില്‍ ജയിക്കാനായി. 16 ഇടങ്ങളില്‍ മറ്റുള്ളവരാണ് ജയിച്ചത്.

144 പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 35 ഇടങ്ങളില്‍ ജയിച്ചിട്ടുണ്ട്. ശിവസേന 22 സീറ്റിലും എന്‍സിപി 16 സീറ്റുകളിലും ജയിച്ചു. ബിജെപി 33 സീറ്റുകളാണ് നേടിയത്.

ബിജെപിയുടെ ശക്തി കേന്ദ്രമായ നാഗ്പുരില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത വിജയം നേടി. നാഗ്പുരിലെ 16 ജില്ലാ പരിഷത്ത്‌ സീറ്റുകളില്‍ ഒമ്പതിലും കോണ്‍ഗ്രസ് ജയിച്ചു. ബിജെപിക്ക്‌ മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്‍സിപിക്കും മറ്റുള്ളവര്‍ക്കും രണ്ട് വീതം സീറ്റുകളില്‍ വിജയിക്കാനായി.

നാഗ്പുര്‍ പഞ്ചായത്ത് സമിതിയിലെ തിരഞ്ഞെടുപ്പ് നടന്ന 31 സീറ്റുകളില്‍ 21 ലും കോണ്‍ഗ്രസിന് ജയിക്കാനായി. ബിജെപി അഞ്ചിടത്ത് ജയിച്ചു. എന്‍സിപിക്ക് ഒരു സീറ്റും കിട്ടി. രണ്ടു സീറ്റുകളിലെ ഫലം കൂടി പുറത്ത് വരാനുണ്ട്.

ചൊവ്വാഴ്ചയാണ് ധുലെ, അകോള, നന്ദര്‍ബര്‍, നാഗ്പുര്‍, വാഷിം, പാല്‍ഘറ് എന്നീ ജില്ലാ പരിഷത്തുകളിലേയും 38 പഞ്ചായത്ത് സമിതികളുടേയും പരിധിയിലുള്ള സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.