മുംബൈ: ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് ഫോണ്‍ ചോര്‍ത്താന്‍ ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെഗാസസ് ഉപയോഗപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. സംസ്ഥാന വാര്‍ത്താവിതരണ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനത്തെക്കുറിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

നിയസഭാതിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി വകുപ്പിലെ അഞ്ച് ഉന്നതോദ്യോഗസ്ഥര്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചത്. 2019 നവംബര്‍ 15 മുതല്‍ 25 വരെയായിരുന്നു സന്ദര്‍ശനം. 

തിരക്കുപിടിച്ചുനടത്തിയ യാത്രയ്ക്ക് മുഖ്യമന്ത്രിയോടോ തിരഞ്ഞെടുപ്പു കമ്മിഷനോടോ അനുമതി തേടിയിരുന്നില്ല. ഒന്നരവര്‍ഷം കഴിഞ്ഞിട്ടും സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല. ഈസാഹചര്യത്തിലാണ് ഇസ്രയേലില്‍പോയ സംഘത്തോട് വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.

പാര്‍ലമെന്റ് സമിതി 28-ന് തെളിവെടുക്കും

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഐ.ടി. മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റി മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് ഈ മാസം 28-ന് തെളിവെടുക്കും.ശശി തരൂര്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഐ.ടി., ആഭ്യന്തരം, വാര്‍ത്താവിനിമയം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരില്‍നിന്നാണ് സമിതി വിവരങ്ങള്‍ ശേഖരിക്കുക. 

'പൗരന്മാരുടെ ഡാറ്റ സുരക്ഷിതത്വവും സ്വകാര്യതയും സംബന്ധിച്ച തെളിവെടുപ്പാണ്' യോഗത്തിന്റെ അജന്‍ഡ. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ലോക്സഭയില്‍ സ്തംഭനം തുടരുകയാണ്.എന്നാല്‍ രാജ്യസഭയില്‍ ചൊവ്വാഴ്ച ഉച്ചയോടെ കോവിഡ് ചര്‍ച്ച നടന്നു. ആ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രമാണ് സര്‍ക്കാരും പ്രതിപക്ഷവും ധാരണയിലെത്തിയത്.

Content Highlights: Maharashtra to enquire travel details of officials who visited Israel