മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെ യോഗത്തിനിടെ |ഫോട്ടോ:ANI
മുംബൈ: ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭാസമ്മേളനത്തിന് തുടക്കമായി. വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎല്‍എമാര്‍ സഭയില്‍ നേര്‍ക്കുനേര്‍വരും. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.
ബി.ജെ.പി. യുടെ രാഹുല്‍ നര്‍വേക്കറാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഭരണകക്ഷി സ്ഥാനാര്‍ഥി. ശിവസേനയുടെ രാജന് സാല്‍വിയാണ് മഹാവികാസ് അഘാഡി സ്ഥാനാര്‍ഥി.
ഗോവയിലുള്ള വിമത ശിവസേനാ എം.എല്‍.എ. മാര്‍ ശനിയാഴ്ച മുംബൈയിലെത്തി. താജ് പ്രസിഡന്റിലാണ് ഇവര്‍ താമസിക്കുന്നത്. ബി.ജെ.പി. എം.എല്‍.എ. മാരും ഇതേ ഹോട്ടലിലാണ്.നിയമസഭ സമ്മേളനത്തിനായി എംഎല്‍എമാര്‍ വിധാന്‍ ഭവനിലേക്ക് എത്തി തുടങ്ങി.
സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ കഴിഞ്ഞ ദിവസം വിമത ശിവസേന എം.എല്‍.എ. മാരും ബി.ജെ.പി. എം.എല്‍.എ. മാരും യോഗംചേര്‍ന്ന് ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയാണ് യോഗം വിളിച്ചത്.
ശിവസേന എല്ലാഅംഗങ്ങള്‍ക്കും ഇന്നലെ തന്നെ വിപ്പ് നല്കി. ഔദ്യോഗിക പക്ഷത്തിന്റെ നിയമസഭാകക്ഷി നേതാവ് സുനില്‍ പ്രഭുവാണ് വിപ്പ് നല്‍കിയത്. ഇന്ന് രാവിലെ ഷിന്ദേ വിഭാഗം എംഎല്‍എമാര്‍ക്കും വിപ്പ് നല്കി. ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലുമുള്ള ലെറ്റര്‍പാഡില്‍ തന്നെയാണ് വിമതര്‍ക്ക് ഷിന്ദേ കത്ത് നല്‍കിയിരിക്കുന്നത്.
ഏക്നാഥ് ഷിന്ദേയെ ശിവസേനയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ നീക്കം ചെയ്തിരുന്നു. പാര്‍ട്ടി അംഗത്വം ഷിന്ദേയ്ക്ക് നഷ്ടമായെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ താന്‍ ശിവസേനയുടെ നേതാവാണെന്ന് ഏക്നാഥ് ഷിന്ദേ പറഞ്ഞു.
കോണ്‍ഗ്രസ്, എന്‍.സി.പി. പാര്‍ട്ടികള്‍ ഞായറാഴ്ച രാവിലെ വിപ്പ് നല്‍കും. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കേണ്ട ആവശ്യമില്ലെന്ന നലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. '170 എംഎല്‍എമാരുടെ പിന്തുണ വരെ ഞങ്ങള്‍ക്ക് കിട്ടും. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വിപ്പിന്റെ ആവശ്യമില്ല. രഹസ്യ വോട്ടെടുപ്പല്ല നടക്കുന്നത്. കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും ചില എംഎല്‍എമാരുടെ വോട്ടുകളും ഞങ്ങളുടെ സ്ഥാനാര്‍ഥി മികച്ചതായത് കൊണ്ട് ലഭിക്കും' ബിജെപി നേതാവ് സുധീര്‍ മുങ്കതിവാര് പറഞ്ഞു.
ശിവസേനയ്ക്ക് ആകെയുള്ള 55 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണയടക്കം 50 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് ഏക്നാഥ് ഷിന്ദേ അവകാശപ്പെട്ടിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..