മുംബൈ: രാഷ്ട്രപതിഭരണത്തിലായ മഹാരാഷ്ട്രയില്‍ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പൊതുമിനിമം പരിപാടി തയ്യാറായി. 48 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കിയത്. മൂന്ന് പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയത്.
ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളുടെ സംയുക്ത സമിതി യോഗം മുംബൈയില്‍ ഇന്ന് ചേര്‍ന്നിരുന്നു. കര്‍ഷക ലോണ്‍ എഴുതിത്തള്ളല്‍, വിള ഇന്‍ഷൂറന്‍സ് പദ്ധതി, താങ്ങുവില ഉയര്‍ത്തല്‍, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പൊതുമിനിമം പാരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
പൊതുമിനിമം പാരിപാടിയുടെ കരട് രൂപം അംഗീകാരത്തിനായി ഇനി മൂന്ന് പാര്‍ട്ടികളുടേയും അധ്യക്ഷന്മാര്ക്ക് മുന്നില്‍ സമര്‍പ്പിക്കും. മൂന്ന് പാര്‍ട്ടി അധ്യക്ഷന്മാരും ഇത് അംഗീകരിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഗവര്‍ണറെ സമീപിക്കും.
ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കോണ്‍ഗ്രസ്, എന്‍.സി.പി. നേതാക്കളുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കളെ അങ്ങോട്ടുപോയി കാണുന്ന പതിവില്ലാത്ത ഉദ്ധവ് നേരിട്ടു ചര്‍ച്ചകള്‍ക്കെത്തിയത് ശ്രദ്ധേയമായിരുന്നു.
നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നതിനാല്‍, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അംഗബലം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നവരെ ഗവര്‍ണര്‍ക്ക് അതിനായി ക്ഷണിക്കാം. തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ബി.ജെ.പി.യും ശിവസേനയും മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി വഴിപിരിഞ്ഞതോടെ സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലാവുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയുമായിരുന്നു.
പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിനോടൊപ്പം മന്ത്രിസ്ഥാനങ്ങള്‍ പങ്കിടുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തിവരികയാണ്. മുഖ്യമന്ത്രിസ്ഥാനം എന്‍.സി.പി.യും ശിവസേനയും രണ്ടരവര്‍ഷംവീതം പങ്കിടുന്ന കാര്യത്തിലും സ്പീക്കര്‍സ്ഥാനം കോണ്‍ഗ്രസിന് നല്കുന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Maharashtra Shiv Sena-NCP-Congress parties finalise draft Common Minimum Programme