മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമേറ്റ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ 'തിരുത്തല്‍' തുടങ്ങി. മഹാരാഷ്ട്ര ടൂറിസം വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘാടന ചുമതലയുടെ കരാറാണ് ഉദ്ധവ് ചുമതലയേറ്റ ദിവസം റദ്ദാക്കിയത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആന്‍ഡ് സണ്‍സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കിയ 321 കോടിയുടെ കരാറാണ് റദ്ദാക്കിയത്. കരാറിന് പിന്നില്‍ വന്‍ അഴിമതിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

2017 ഡിസംബര്‍ 26നാണ് ടൂറിസം വികസന കോര്‍പറേഷന്‍ ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. നന്ദുര്‍ബാറില്‍ സംഘടിപ്പിക്കുന്ന സരംഗ്‌ഖേദ ചേതക് ഉത്സവത്തിന്റെ നടത്തിപ്പിനാണ്‌ കരാര്‍ നല്‍കിയത്.

നേരത്തെ കുംഭമേള, റാന്‍ ഉത്സവം എന്നിവയുടെ സംഘാടന കരാര്‍ മുമ്പ് ലഭിച്ച കമ്പനിയാണ് ലല്ലൂജി ആന്‍ഡ് സണ്‍സ്. നവംബര്‍ 28ന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ അന്ന് തന്നെയാണ് ചീഫ് സെക്രട്ടറി അജോയ് മെഹ്തത്തയുടെ ഉത്തരവിനെ തുടര്‍ന്ന് ടൂറിസം വികസന കോര്‍പറേഷന്‍ കരാര്‍ റദ്ദാക്കിയത്.

Content Highlights: The firm had previously been associated with the Kumbh Mela and Rann Utsav