മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര. പച്ചക്കറി, പലചരക്ക് കടകള്‍, ഡെയറികള്‍ എന്നിവയ്ക്ക് നാല് മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. രാത്രി എട്ട് മണിക്ക് ശേഷം ഹോം ഡെലിവറിയും അനുവദിക്കില്ല. 

പുതിയ ഉത്തരവ് പ്രകാരം പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, ഡെയറികള്‍, പഴക്കടകള്‍ എന്നിവ രാവിലെ 7 നും 11 നും ഇടയില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. ബേക്കറികള്‍, മിഠായി കടകള്‍, ഇറച്ചി കടകള്‍, മത്സ്യ കടകള്‍ അടക്കം എല്ലാത്തരം ഭക്ഷണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമുണ്ട്. 

പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതി പ്രകാരം രാവിലെ 7 മുതല്‍ രാത്രി 8 വരെ ഹോം ഡെലിവറികള്‍ അനുവദിക്കും. എന്നാല്‍ രാത്രി എട്ടിന് ശേഷം ഇത് അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ഇന്ന് വൈകിട്ട് മുതല്‍ നിലവില്‍ വരും. ഇത് മെയ് ഒന്ന് വരെ തുടരും. 

ഇന്നലെ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിന്റെ പേരില്‍ ദിവസം മുഴുവന്‍ ആളുകള്‍ പുറത്തിറങ്ങുകയാണെന്നും പല ഇടത്തും ആള്‍ക്കുട്ടങ്ങള്‍ ഉണ്ടാകുന്നതും യോഗത്തില്‍ ചര്‍ച്ചയായിരുന്നു. 

Content Highlights: Maharashtra Says Groceries, Vegetable Shops Can Open Only Between 7-11 am