പുനെ: കഴുത കരച്ചില്‍ തുടങ്ങിയാല്‍ കേട്ടുനില്‍ന്നവര്‍ ചെവിപൊത്തും അല്ലെങ്കില്‍ അവിടെ നിന്ന് തടിതപ്പും. എന്നാല്‍ എമിലി പാടുന്നത് കാതിന് ഇമ്പമാണ്‌. എപ്പോള്‍ മൂഡ് നന്നായാലും എമിലി പാടും. എമിലിയുടെ പാട്ടിന്റെ വീഡിയോ  സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

പുനെയിലെ ഒരു സന്നദ്ധസംഘടനപ്രവര്‍ത്തകര്‍ സംരക്ഷിക്കുന്ന പെണ്‍കഴുതയാണ് എമിലി. കാഴ്ചയിലും സുന്ദരി. പ്രസവത്തെ തുടര്‍ന്ന് അവശനിലയില്‍ തെരുവില്‍ കിടന്ന ഇതിനെ സംഘടന പ്രവര്‍ത്തകര്‍ ആദ്യം റെസ്‌ക്യൂ(RESQ)വിലെത്തിച്ചു. അപകടത്തില്‍ പെടുന്നതും അസുഖം പിടിപെടുന്നതുമായ മൃഗങ്ങള്‍ക്ക് വേണ്ട ചികിത്സാസഹായം നല്‍കുന്ന സ്ഥാപനമാണ് റെസ്‌ക്യൂ. 

 

ആദ്യം ഒട്ടും ഇണക്കം പ്രകടിപ്പിക്കാത്ത പ്രകൃതമായിരുന്നു എമിലിയ്ക്ക്. പ്രസവത്തില്‍ ഇതിന്റെ കുഞ്ഞ് ചത്തിരുന്നു.  ശാരീരിക അവശതകള്‍ ഇതിനെ വളരെയധികം അലട്ടിയിരുന്നതായി സംഘടനാപ്രവര്‍ത്തകയായ ടീന മോഹന്‍ദാസ് പറഞ്ഞു. സംഘടനയിലുള്ളവരാണ് എമിലി എന്ന പേര് നല്‍കിയത്. 

റെസ്‌ക്യൂവില്‍ മറ്റു മൃഗങ്ങള്‍ക്കൊപ്പം സന്തുഷ്ടയായി കഴിയുന്ന എമിലി സ്‌നേഹവും ആഹ്‌ളാദവും പ്രകടിപ്പിക്കാനാണ് പാട്ടു പാടുന്നതെന്ന് സംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. സാധാരണയായി കഴുതകള്‍ക്ക് ഇത്ര മധുരമായി പാടാന്‍ കഴിയില്ലെന്നും എമിലിയുടെ ശബ്ദസൗകുമാര്യത്തെ കുറിച്ച് ശാസ്ത്രീയവിശദീകരണം നല്‍കാനാവില്ലെന്നും ഇവര്‍ പറയുന്നു. 

ഓരോ മൃഗവും പലരീതിയിലാണ് സന്തോഷം പ്രകടിപ്പിക്കുന്നതെന്നും എമിലി നന്ദിയും ആനന്ദവും പ്രകടിപ്പിക്കുന്ന വ്യത്യസ്തരീതിയാണിതെന്നും മൃഗഡോക്ടറായ മിലിന്ദ് ഹത്തേക്കര്‍ പറയുന്നു. അയര്‍ലന്‍ഡിലെ ഹാരിയറ്റ് എന്ന കഴുതയുടെ പാട്ടും അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Content Highlights:Maharashtra’s singing donkey takes internet by storm, Emily the singing donkey