മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഞായറാഴ്ച സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 63,294 പേര്‍ക്കാണ്. മഹാരാഷ്ട്രയില്‍ രോഗം പിടിപെടുന്നവരുടെ കണക്ക് ഓരോ ദിവസവും പേടിപ്പെടുത്തുന്ന നിലയിലേക്ക് ഉയരുകയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. മരണസംഖ്യ 57,987- ലേക്കെത്തി. 

34,008 പേര്‍ ആശുപത്രി വിട്ടപ്പോള്‍ രോഗമുക്തരുടെ എണ്ണം 27.82 ലക്ഷമായി. 5.65 ലക്ഷം പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മുംബൈയില്‍ 9989 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 58 പേര്‍ മരിക്കുകയും ചെയ്തു. നഗരത്തില്‍ മരണസംഖ്യ കുത്തനെ ഉയരുകയാണ്. ശനിയാഴ്ച 50 പേരായിരുന്നു മരിച്ചത്. ഇതോടെ മരണസംഖ്യ 12,017 ലേക്കുയര്‍ന്നു.

രോഗവ്യാപനം കൂടിയതോടെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണ്. രോഗികള്‍ക്ക് അത്യാവശ്യമായ ഓക്‌സിജന്റെ ലഭ്യത തീരേ കുറഞ്ഞു. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ കോവിഡ് രോഗികള്‍ കിടക്കകള്‍ ലഭിക്കുന്നതിനായി പരക്കംപായുകയാണ്. ഒസ്മാനാബാദ് ജില്ലയില്‍ കിടക്കളുടെ കുറവ് മൂലം വീല്‍ ചെയറില്‍ ഇരുത്തിയാണ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയത്. 

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ അടക്കം ബെഡ്ഡിനായി ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് ഓടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബെഡ്ഡുകള്‍ ഒഴിവുണ്ടെങ്കിലും രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞ രോഗികളെ വെന്റിലേറ്റര്‍ ഇല്ലെന്ന കാരണത്താല്‍ ചിലആശുപത്രികള്‍ തിരിച്ചയക്കുകയാണ്.

ഇതിനിടെ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഏപ്രില്‍ 14-ന് ശേഷമേയുണ്ടാകുകയുള്ളൂ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോവിഡ് കര്‍മസേനയുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഈ തീരുമാനമെടുത്തത്. അന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടാകുകയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. 

നേരത്തെ ഞായറാഴ്ചതന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എട്ടുദിവസത്തേക്കെങ്കിലും ലോക്ഡൗണ്‍ വേണമെന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അഭിപ്രായം. എന്നാല്‍, വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ കോവിഡ് കര്‍മസേനയുടെ അഭിപ്രായം 14 ദിവസമെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചാലേ കോവിഡ് വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ പറ്റുകയുള്ളൂവെന്നാണ്.

Content Highlights: Maharashtra Reports Over 63,000 Covid Cases In Biggest Single-Day Surge