മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ലൂണിൽ കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബസുകൾ മുങ്ങിപ്പോയ നിലയിൽ | Photo: P.T.I.
മുംബൈ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മഹാരാഷ്ട്രയില്‍ വലിയ നാശനഷ്ടമാണ് റിപ്പോട്ടുചെയ്യുന്നത്. അപ്രതീക്ഷിത മഴയില്‍ നദികളെല്ലാം കരകവിഞ്ഞൊഴുകിയതോടെ രത്നഗിരി, കോല്‍ഹാപുര്‍, സന്ഗിളി തുടങ്ങി കൊങ്കന്‍ മേഖലയിലെ മിക്ക ജില്ലകളും വെള്ളത്തിനടിയിലായി.
കനത്ത വെള്ളപ്പൊക്കത്തിനിടെ ഡിപ്പോയിലുണ്ടായിരുന്ന ഒന്‍പതു ലക്ഷം രൂപ ജീവന്‍പോലും പണയം വെച്ച് കാത്തുസൂക്ഷിച്ച മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷൻ(എം.എസ്.ആര്.ടി.സി.) മാനേജര്‍ രന്‍ജീത് റെജെ ഷിര്ദെയുടെ വാര്‍ത്തയാണ് ശ്രദ്ധനേടുന്നത്. ചുറ്റും ഇരച്ചെത്തിയ മഴവെള്ളത്തെ വകവെക്കാതെ പണവുമായി ഷിര്‍ദെ ഏകദേശം ഏഴുമണിക്കൂറോളമാണ് ബസിനുമുകളില്‍ കയറിനിന്നത്.
രത്നഗിരി ജില്ലയിലെ ചിപ്ലൂണ്‍ ബസ് ഡിപ്പോ മാനേജാണ് ഷിര്‍ദെ. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സമീപമേഖലയിലെ ബസുകളും മറ്റുവാഹനങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിപ്പോയി. ഷിര്ദെയുടെ ഓഫീസ് നിന്നിരുന്ന സ്ഥലം മാത്രമാണ് വെള്ളപ്പൊക്കം ബാധിക്കാതിരുന്നത്. ചുറ്റും വെള്ളം പൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഷിര്‍ദെ ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുമുകളില്‍ കയറിനിന്നു. വൈകാതെ അവിടേക്കും മഴവെള്ളം ഇരച്ചെത്തി. തുടര്‍ന്ന് പണവുമായി അദ്ദേഹം ഏകദേശം ഏഴുമണിക്കൂര്‍ ബസിനുമുകളില്‍ നിന്നു.
സർക്കാർ പണം സംരക്ഷിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഷിര്‍ദെ പറഞ്ഞു. ഓരോ മിനിറ്റിലും ജലനിരപ്പ് കൂടിക്കൂടി വന്നു. ഓഫീസില്‍ പണം സൂക്ഷിച്ചിരുന്നെങ്കില്‍ അത് മുഴുവന്‍ നശിച്ചു പോകുമായിരുന്നു. അത്രയും വലിയ തുക സംരക്ഷിക്കുയെന്നത് എന്റെ ഉത്തരവാദിത്വമായിരുന്നു-ഷിര്ദെയെ പറഞ്ഞു.
വെള്ളം ഇറങ്ങിയശേഷമാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രത്നഗിരി ഡിവിഷണല്‍ ഓഫീസില്‍ വിളിച്ച് താന്‍ കുടുങ്ങിക്കിടക്കുന്ന വിവരം ഷിര്‍ദെ അറിയിച്ചത്.
Content Highlights: Maharashtra rains floods depot manager camps on bus top for hours guard government money
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..