മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബിജെപിക്ക് പിന്തുണ നല്‍കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഈ തീരുമാനത്തിന് തന്റെ പിന്തുണയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപി എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കിയ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം.
ബിജെപിക്ക് പിന്തുണ നല്‍കുന്നത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണ്. അതില്‍ പാര്‍ട്ടിക്ക് പങ്കില്ല. പാര്‍ട്ടി ഈ തീരുമാനത്തെ പിന്തണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല- എന്ന് ശരദ് പവാര്‍ ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയുടെ 54 എം.എല്‍.എമാരില്‍ 22 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന.
വെള്ളിയാഴ്ച നടന്ന ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാരുടെ യോഗത്തില്‍ ശരദ് പവാറിനൊപ്പം അജിത് പവാറും പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചുള്ള തീരുമാനം അറിയിക്കുന്നതിന് ശനിയാഴ്ച രാവിലെ പത്രസമ്മേളനം നടത്തുമെന്നും ശരദ് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്.
Content Highlights: Devendra Fadnavis takes oath as Maharashtra Chief Minister, Maharashtra Politics, Maharashtra Govt Formation, maharashtra politics, Sharad Pawar, Ajit Pawar