ഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ കഴിഞ്ഞ വ്യാഴാഴ്ച എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസിലെയും ശിവസേനയിലെയും ഒരു വിഭാഗം നേതാക്കള്‍ പവാറില്‍ അവിശ്വാസം രേഖപ്പെടുത്തുമ്പോളായിരുന്നു ആ കൂടിക്കാഴ്ച.

പാര്‍ലമെന്റിലെ അടച്ചിട്ട മുറിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരദ് പവാര്‍ നടത്തിയ കൂടിക്കാഴ്ച നീണ്ടുനിന്നത് 45 മിനിറ്റ്. ചര്‍ച്ച ചെയ്തത് മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രശ്നങ്ങള്‍ എന്നായിരുന്നു എന്‍.സി.പി. അവകാശവാദം. എന്നാല്‍ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഒരിക്കല്‍ പോലും വിഷയം ഉന്നയിക്കാതിരുന്ന പവാറിന്റെ പെട്ടെന്നുള്ള വീണ്ടുവിചാരത്തിനു കാരണം തേടുകയായിരുന്നു  രാഷ്ട്രീയലോകം.

കോണ്‍ഗ്രസ്, ശിവസേന എന്‍.സി.പി. സഖ്യസര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കുന്നതിനിടെ കൂടിക്കാഴ്ച നിശ്ചയിച്ചതിന്റെ കാരണവും അവ്യക്തം. എന്‍.സി.പിയെ വിശ്വസിക്കരുതെന്ന് കോണ്‍ഗ്രസിലെയും ശിവസേനയിലെയും ഒരു വിഭാഗം നേതാക്കള്‍ അടക്കം പറയുന്നത് കൂടി ചേര്‍ത്തു വായിച്ചാല്‍ കൂടിക്കാഴ്ചയുടെ രാഷ്ട്രീയം ഏകദേശം വ്യക്തം.

മഹാരാഷ്ട്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 25,000 കോടിയുടെ അഴിമതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശരദ് പവാര്‍, മരുമകന്‍ അജിത് പവാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതില്‍ കുരുക്ക് മുറുകുന്നത് ക്ഷീണമാകുമെന്ന തിരിച്ചറിവ് പവാറിന് ഉണ്ട്. അജിത് പവാറിനെ ഉപയോഗിച്ച് പാര്‍ട്ടിയെ പിളര്‍ത്തരുതെന്ന് മോദിയോട് ശരദ് പവാര്‍ ആവശ്യപ്പെട്ടു എന്നാണ് സൂചന.

ആകെയുള്ള 54 എംഎല്‍എമാരില്‍ 35 പേര്‍ അജിത്തിന് ഒപ്പമാണ്. പാര്‍ട്ടിയില്‍ മകള്‍ സുപ്രിയ സുലെയും മരുമകന്‍ അജിത് പവാറും തമ്മിലുള്ള പാര്‍ട്ടിയിലെ അധികാര വടംവലി നാട്ടില്‍ പാട്ടാണ്. അജിത്തിന് ദേശീയ രാഷ്ട്രീയത്തിലും മോഹമുണ്ട്. ഇതാണ് പവാറിനെ ഭയപ്പെടുത്തുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എന്‍.സി.പി. കോര്‍ഡിനേഷന്‍ കമ്മിറ്റി രണ്ടു തവണ യോഗം ചേര്‍ന്നപ്പോഴും ഇരു പാര്‍ട്ടികളുടേയും ദേശീയ നേതാക്കള്‍ ആരും മാധ്യമങ്ങളെ കണ്ടില്ലെന്നതും ശ്രദ്ധേയം.

കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്ര സഖ്യചര്‍ച്ചകളില്‍നിന്ന് പിന്‍മാറാന്‍ മോദി ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചതായും പറയപ്പെടുന്നു. പവാറിന് രാഷ്ട്രപതി പദം നല്‍കാം. പ്രധാനമന്ത്രിപദം സ്വപ്നം കണ്ടു നടന്ന പവാറിനെ കൂടെ കൂട്ടാന്‍ ഉള്ള മോദിയുടെ വജ്രായുധമായിരുന്നു അത്. ബി.ജെ.പിക്ക് ഒപ്പം നിന്നാല്‍ സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്ക് നല്‍കും. കേന്ദ്രത്തില്‍ മൂന്ന് ക്യാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രി സ്ഥാനവും മോദി മുന്നോട്ട് വെച്ചു.

കേസുകളില്‍ വിട്ടുവീഴ്ച ചെയ്യാമെന്നും അറിയിച്ചു. വാഗ്ദാനങ്ങള്‍ കേട്ടു എന്നല്ലാതെ മറുപടി നല്‍കാന്‍ പവാര്‍ തയ്യാറായില്ല. കൂടിക്കാഴ്ച കഴിഞ്ഞു പവാര്‍ ഇറങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ മുറിയിലേക്ക് കയറിയത് ബി.ജെ.പി. ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ആയിരുന്നു. മോഡി-ഷാ തന്ത്രങ്ങളില്‍ സര്‍ക്കാര്‍ വാഴുകയും വീഴുകയും ചെയ്യുന്ന സമകാലിക ഇന്ത്യയില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍  പവാറിന്റെ പവറിന് കഴയുമോയെന്ന് കാത്തിരുന്നു കാണാം എന്നായിരുന്നു അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത്.

content highlights: Maharashtra Politics, bjp-ncp forms government in maharashtra