
രാഷ്ട്രീയനാടകങ്ങൾ ആവോളം കണ്ട അഞ്ച് വർഷങ്ങൾ. ഭരണപക്ഷത്തും പ്രതിപക്ഷത്തും നിറഞ്ഞുനിന്ന പ്രതിസന്ധികളുടെ കാലം. രാഷ്ട്രീയ ഗോദയിലെ കളംമാറ്റങ്ങൾ. ഒടുക്കം മഹാരാഷ്ട്രയിൽ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്രയിൽ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റ ഘട്ടമായായിരിക്കും തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രക്ക് പുറമേ ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. രണ്ട് സംസ്ഥാനത്തേയും വോട്ടെണ്ണല്‍ നവംബര്‍ 23-നും നടക്കും.
മഹാരാഷ്ട്രയിൽ അഞ്ച് വര്‍ഷം മുമ്പ് 2019-ൽ ദീര്‍ഘകാല സഖ്യകക്ഷികളായ ശിവസേനയും ബി.ജെ.പിയും മഹായുതി എന്ന സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസും എന്‍.സി.പിയും മറുപക്ഷത്തും. ഫലം വന്നപ്പോള്‍ ബി.ജെ.പി. 105, ശിവസേന 56, എന്‍.സി.പി. 54, കോണ്‍ഗ്രസ് 44. അധികാരം തുല്യമായി വീതിക്കണമെന്ന കരാര്‍ പാലിക്കാന്‍ ബി.ജെ.പി. കൂട്ടാക്കാതിരിക്കുകയും രണ്ടരക്കൊല്ലം മുഖ്യമന്ത്രിപദം എന്ന വാഗ്ദാനം തള്ളുകയും ചെയ്തതോടെ ശിവസേന ഇടഞ്ഞു. അവര്‍ ബി.ജെ.പിക്ക് നല്കിയ പിന്തുണ പിന്‍വലിച്ചു. എന്നാല്‍, സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം ബി.ജെ.പി. അവസാനിപ്പിച്ചില്ല.
ശിവസേനയുടെ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനായി നീക്കം നടക്കുന്നതിനിടയിലാണ് നാടകീയമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് 2019 നവംബര്‍ 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്‍സിപി നേതാവായ അജിത് പവാറിന്റെ പിന്തുണയോടെയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
ത്രികക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് ശരദ് പവാറിനൊപ്പം ചുക്കാന്‍പിടിച്ച അജിത് പവാര്‍ ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേക്കും ബി.ജെ.പി കൂടാരത്തിലെത്തിയത് സംസ്ഥാന-ദേശീയ രാഷ്ട്രീയത്തെയാകെ ഞെട്ടിച്ചിരുന്നു. ത്രികക്ഷി സഖ്യം തങ്ങളുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ പ്രഖ്യാപിക്കാനിരുന്ന ദിവസമായിരുന്നു ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസിനെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് ഖോഷിയാരിയുടെയും സംസ്ഥാനത്തെ രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ പിന്നീട് അജിത് പിന്തുണ പിന്‍വലിച്ചതോടെ ഫഡ്നാവിസിന് മൂന്നുദിവസങ്ങള്‍ക്ക് ശേഷം രാജിവെക്കേണ്ടി വന്നു.
രാഷ്ട്രീയ കരുനീക്കങ്ങള്‍ പുരോഗമിക്കവേ ശിവസേന, എന്‍.സി.പി.യ്ക്കും കോണ്‍ഗ്രസിനുമൊപ്പം ചേരുകയും മഹാവികാസ് അഘാഡി എന്ന സഖ്യമായി സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. പ്രത്യയശാസ്ത്രപരമായി രണ്ട് ചേരികളില്‍ നിലകൊണ്ടിരുന്ന പാര്‍ട്ടികള്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മഹാവികാസ് അഘാഡി സഖ്യത്തിന്റെ രൂപവത്കരണത്തിന് പിന്നാലെ മഹാരാഷ്ട്രാ മുഖ്യമന്ത്രിപദത്തിലേക്ക് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെത്തി. ഉദ്ധവിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുന്നതിലും ശരദ് പവാറിന്റെയും അന്നത്തെ ആവോളം നാടകങ്ങളും കൂറുമാറ്റങ്ങളും നിയമവ്യവഹാരങ്ങളും മഹാരാഷ്ട്ര നിയമസഭയില്‍നിന്ന് പൊതുമധ്യത്തിലേക്കും കോടതിവളപ്പുകളിലേക്കുമെത്തി. ഒടുവില്‍ ഏക്നാഥ് ഷിന്ദേ, മൂന്നില്‍ രണ്ട് ഭാഗം എം.എല്‍.എമാരുമായി ശിവസേന പിളര്‍ത്തി ബി.ജെ.പി. പക്ഷത്തെത്തിയത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഒരുകൂട്ടം എം.എല്‍.എമാര്‍ നടത്തിയ വിമത കലാപത്തിന്റെ ഫലമായി മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെവീണു. ഉദ്ധവ് താക്കറേ സ്ഥാനമൊഴിഞ്ഞു.
ബി.ജെ.പിയും ഏക്നാഥ് ഷിന്ദേ ക്യാമ്പും ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചു. മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ദീര്‍ഘകാല പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി നേടി.
എന്നാൽ 2023-ല്‍ അജിത് പവാറിന്റെ നീക്കം എന്‍.സി.പിയുടെ പിളര്‍പ്പിന് വഴിവെച്ചു. അജിത് പവാര്‍, ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായതോടെയാണ് പുതിയ പ്രതിസന്ധി നേരിട്ടത്. ശരദ് പവാറും സംഘവും പ്രതിപക്ഷത്ത് തുടരുകയും ചെയ്തു. മാസങ്ങൾനീണ്ട രാഷ്ട്രീയതർക്കങ്ങൾക്കും നിയമവ്യവഹാരങ്ങൾക്കുമൊടുവിൽ എൻ.സി.പി. പിളർപ്പുമായി ബന്ധപ്പെട്ട് നടന്നു. ആ രാഷ്ട്രീയ യുദ്ധത്തിൽ മുതിർന്ന നേതാവ് ശരദ് പവാറിന് തിരിച്ചടിയുമേറ്റു. യഥാർഥ എൻ.സി.പി. അജിത് പവാർ വിഭാഗമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും അജിത് പവാർ വിഭാഗത്തിന് ലഭിച്ചു. തീരുമാനമെടുക്കാൻ പാർട്ടി എം.എൽ.എ.മാരുടെ പിന്തുണയാണ് പ്രധാനമാനദണ്ഡമാക്കിയതെന്ന് കമ്മിഷൻ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പവാർ കുടുംബത്തിലെ അധികാരവടംവലിയിൽ നിർണായക തീരുമാനമാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. ശരദ് പവാർ വിഭാഗത്തിന് പുതിയ പാർട്ടി പേര് കണ്ടെത്തി നിർദേശിക്കാനു ഉത്തരവിട്ടു. പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പുമെത്തി.
ശിവസേനയെയും എന്‍.സി.പി.യെയും പിളര്‍ത്തി ബി.ജെ.പി. മഹായുതി സഖ്യം രൂപപ്പെടുത്തിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി. 28 സീറ്റിലും ഏക്നാഥ് ഷിന്ദേ ശിവസേന 15 സീറ്റിലും അജിത് പവാറിന്റെ എന്‍.സി.പി. നാലുസീറ്റിലും രാഷ്ട്രീയ സമാജ് പക്ഷ് ഒരു സീറ്റിലുമാണ് മത്സരിച്ചത്. പ്രതിപക്ഷനിരയായ ഉദ്ധവ് ശിവസേന, കോണ്‍ഗ്രസ്, ശരദ് പവാറിന്റെ എന്‍.സി.പി. എന്നീ പാര്‍ട്ടികള്‍ മൊത്തമുള്ള 48 സീറ്റില്‍ ശിവസേന 21, കോണ്‍ഗ്രസ് 17, എന്‍.സി.പി. പത്തുസീറ്റ് എന്നിങ്ങനെയാണ് മത്സരിച്ചത്.
ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള മഹാരാഷ്ട്ര പിടിച്ചെടുക്കുക ബി.ജെ.പി. സഖ്യം അഭിമാനപ്രശ്നമായാണ് ഏറ്റെടുത്തത്. എന്നാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് അടിതെറ്റി. മഹാവികാസ് അഘാഡി സഖ്യം വലിയവിജയം നേടി. 48 അംഗ ലോക്സഭയില്‍ 29 സീറ്റ് നേടി മഹാവികാസ് അഘാഡി സഖ്യം വിജയിച്ചു. കോണ്‍ഗ്രസ് 13, ഉദ്ധവ് ശിവസേന 10, ശരദ് പവാറിന്റെ എന്‍.സി.പി. ഏഴ് എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്. എന്‍.ഡി.എ 18 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നണികൾക്കെല്ലാം അഭിമാനപ്രശ്നമാണ് തിരഞ്ഞെടുപ്പ് പോരാട്ടം.
Content Highlights: maharashtra politics election 2024
Published: 15 Oct 2024, 06:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented