മുംബൈ: മലക്കംമറിച്ചിലുകള്‍ക്കൊടുവില്‍ അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി. ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപി-കോണ്‍ഗ്രസ് കക്ഷികളടക്കമുള്ള സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് അജിത് പവാറിന്റെ മടങ്ങിവരവ്.
പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍സിപി എംഎല്‍എമാരുടെ യോഗം ചേരുന്നത്. വൈ. ബി ചവാന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ എന്‍സിപി നേതാക്കളായ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സ് പാട്ടീല്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.
ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെ എന്‍സിപിയുടെ പാര്‍ലമെന്ററി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്ന് അജിത് പവാറിനെ നീക്കിയിരുന്നു. ഇപ്പോഴത്തെ മടങ്ങിവരവിന്റെ പശ്ചാത്തലത്തില്‍, കുടുംബ പോരിലേക്ക് വിഷയം പോകാതെ അജിത്തിന് മന്ത്രിസ്ഥാനം നല്‍കാനും ശരദ് പവാര്‍ തയ്യാറായേക്കും. ഇനി ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തന്നെ അദ്ദേഹം വന്നേക്കുമോയെന്നും രാഷ്ട്രീയരംഗം ഉറ്റുനോക്കുന്നുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ ഇന്ന് എന്‍സിപി നേതാവ് ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുന്നുണ്ട്. പുതിയ സര്‍ക്കാരില്‍ മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Maharashtra Politics: Ajit Pawar attends NCP MLAs meet in Mumbai