സുപ്രീംകോടതി| Photo: ANI
മുംബൈ: ഒരാഴ്ചയോളമായി തുടരുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്കെത്തുന്നു. തനിക്കും 15 എംഎല്‍എമാര്‍ക്കും മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നല്കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദേ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.
ഞായറാഴ്ച വൈകീട്ട് 6.30-നാണ് ഷിന്ദേ ഹര്‍ജി ഫയല്‍ ചെയ്തത്. ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിനെതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. വിമത നീക്കത്തിന് പിന്നാലെ ഷിന്ദേയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമാകുന്നത് വരെ അയോഗ്യത നോട്ടീസിന്മേലുള്ള തുടര്‍ നടപടികള്‍ തടയണമെന്നും ഏക്നാഥ് ഷിന്ദേ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുവഹാട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള വിമത എംഎല്‍എമാരുടെ ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഷിന്ദേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമ നടപടികള്‍ പൂര്‍ത്തി ആയാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഷിന്ദേ എംഎല്‍എമാരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം ഗുജറാത്തിലെത്തി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും വോഡദരയില് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..