മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ | Photo - ANI
മുംബൈ: രാഷ്ട്രീയനാടകങ്ങള്‍ അരങ്ങേറുന്ന മഹാരാഷ്ട്ര ഭരണസ്തംഭനത്തെ അഭിമുഖീകരിക്കുന്നു. ജൂണ്‍ 21-ന് രാത്രി ശിവസേനയിലെ വിമത എം.എല്‍.എ. മാരുമായി ഏക്നാഥ് ഷിന്ദേ ആദ്യം ഗുജറാത്തിലെ സൂറത്തിലേക്കും പിന്നീട് അസമിലെ ഗുവാഹാട്ടിയിലേക്കും മാറിയതോടെയാണ് സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലായത്. കൂടുതല്‍ എം.എല്‍.എ. മാരും മന്ത്രിമാരും സംസ്ഥാനം വിട്ടതോടെ മുഖ്യമന്ത്രി ഉദ്ധവ്താക്കറെ ഔദ്യോഗികവസതിയായ വര്‍ഷയില്‍നിന്ന് സ്വന്തംവീടായ മാതോശ്രീയിലേക്ക് മാറിയിരുന്നു.
ശിവസേനയുടെ ഭൂരിഭാഗം മന്ത്രിമാരും വിമതപക്ഷത്തേക്കു പോയി. സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍.സി.പി.യുടെയും മന്ത്രിമാരും സജീവമായി. മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് എത്താത്ത സാഹചര്യമാണ് നിലവില്‍. ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ശരദ്പവാര്‍ എന്‍.സി.പി. മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമത എം.എല്‍.എ.മാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ അയച്ച അയോഗ്യതാ നോട്ടീസിന് മറുപടി നല്കാന് ജൂലായ് 12 വരെ സുപ്രീംകോടതി സാവകാശം അനുവദിക്കുകയും ജൂലായ് 11-ന് കേസ് വീണ്ടും പരിഗണിക്കുകയും ചെയ്യാന്‍ തീരുമാനിച്ചതോടെ അനശ്ചിതത്വം നീണ്ടുപോകുമെന്ന് വ്യക്തമായി.
ഏക്നാഥ് ഷിന്ദേയോടൊപ്പം ഗുവാഹാട്ടിയില്‍ തമ്പടിച്ചിരിക്കുന്ന ഒമ്പത് വിമതമന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗികപക്ഷത്തെ നാല് മന്ത്രിമാര്‍ക്ക് നല്കി. ഏക്നാഥ് ഷിന്ദേയുടെ പക്കലുണ്ടായിരുന്ന നഗരവികസനവും പൊതുമാരാമത്തും സുഭാഷ് ദേശായിക്ക് നല്കി. ഗുലാബ് റാവു പാട്ടീല്‍ കൈകാര്യം ചെയ്തിരുന്ന ജലസേചന വകുപ്പ് അനില്പരബിനും ദാദാജി ബുസെ കൈകാര്യംചെയ്തിരുന്ന കൃഷിവകുപ്പും സന്ദീപന്‍ ആസാറാം ബുമ്റെ കൈകാര്യം ചെയ്തിരുന്ന തൊഴില്‍, ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുകള്‍ ശങ്കരറാവുഗഡക്കിനും ഉദയ്സാവന്ത് കൈകാര്യം ചെയ്തിരുന്ന ഉന്നതവിദ്യാഭ്യാസം ആദിത്യ താക്കറെയ്ക്കുമാണ് നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..