ശരദ് പവാർ| Photo: Mathrubhumi
മുംബൈ:മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നതിനിടെ താക്കറെ സര്‍ക്കാര്‍ തുടരുമെന്ന് വ്യക്തമാക്കി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്ന് തെളിയിക്കാനുള്ള ഏക സ്ഥലം വിധാന്‍ സഭ മാത്രമാണെന്നും ഉദ്ധവിന് അഘാഡി സഖ്യം പൂർണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തേതുപോലുള്ള നിരവധി സന്ദര്‍ഭങ്ങള്‍ മഹാരാഷ്ട്രയില്‍ മുമ്പും കണ്ടതാണെന്നും താക്കറെ സര്‍ക്കാരിന് തുടര്‍ന്ന് പോവാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശരദ് പവാര്‍ പറഞ്ഞു. പുറത്തുപോയവര്‍ക്കെല്ലാം പറയാനുള്ളത് അഘാഡി സഖ്യത്തിലെ കോണ്‍ഗ്രസ്-എന്‍സിപി ബന്ധത്തില്‍ തൃപ്തരല്ലെന്നാണ്. ഉദ്ദവിന് പൂര്‍ണ പിന്തുണ കൊടുക്കാനാണ് അഘാഡി സഖ്യം തീരുമാനിച്ചിരിക്കുന്നത്. പുറത്തുപോയ ശിവസേന എം.എല്‍.എമാരില്‍ ഒരാള്‍ മുംബൈയില്‍ തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ മാറിമറിയുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
നിലവിലുള്ളത് ശിവസേനയുടെ ആഭ്യന്തര പ്രശ്നമാണെന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത്ത് പവാര്‍ പറഞ്ഞു. ഉദ്ധവ് സര്‍ക്കാര്‍ തുടരും. തങ്ങള്‍ എല്ലാ പിന്തുണയും കൊടുക്കുമെന്നും എന്‍സിപി ഒരടി പിന്നോട്ട് പോവില്ലെന്നും അജിത്ത് പവാര്‍ പറഞ്ഞു.
സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുക എന്നത് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെന്നും അവസാന നിമിഷം വരെ അത് തുടരുമെന്നും അജിത്ത് പവാര്‍ വ്യക്തമാക്കി. എന്‍.സി.പിക്കെതിരെ വിമത എം.എല്‍.എമാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. അസംബ്ലിയില്‍ ഉദ്ദവ് താക്കറെയ്ക്ക് വേണ്ടി ഞങ്ങളെല്ലാം വോട്ടുചെയ്യും, അജിത്ത് പവാര്‍ അറിയിച്ചു.
ഇതിനിടെ, ഗുവാഹട്ടിയില്‍ തമ്പടിച്ചിരിക്കുന്ന ശിവസേനാ വിമത എംഎല്‍എമാര്‍ ഏകനാഥ് ഷിന്ദേയെ നേതാവായി തിരഞ്ഞെടുത്തു.
വിമതര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം കോടതിയെ സമീപിക്കാനുള്ള സാധ്യതയും എന്‍.സി.പിയും കോണ്‍ഗ്രസും തേടുന്നുണ്ട്. വിമത പ്രവര്‍ത്തനം കൂറുമറ്റ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ പറഞ്ഞു. മാത്രമല്ല, വിമത എം.എല്‍.എമാര്‍ക്കെതിരേ കേന്ദ്ര അന്വേഷണം വരാനുള്ള സാധ്യത കൊണ്ടാണ് അവര്‍ കൂറുമായിതെന്നും ശരദ് പവാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളെ വിമർശിച്ച് നിരവധി രാഷ്ട്രീയ നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മഹാരാഷ്ട്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമമെന്നും ലക്ഷ്യം രാഷ്ട്രപതി തിരഞ്ഞെടുപ്പാണെന്നുമായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. ബിജെപി ജനാധിപത്യത്തെ ഇടിച്ചുനിരത്തുകയാണെന്നും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആരോപിച്ചു.
മഹാരാഷ്ട്രയില്‍ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നായിരുന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്തിന്റെ പ്രതികരണം.
Content Highlights: Maharashtra Political Crisis Govt Under Uddhav Thackeray Will Continue, Says NCP's Sharad Pawar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..