ശിവസേനാ വിമത നേതാവ് ഏകനാഥ് ഷിന്ദേ ഗുവാഹത്തിയിലെ ഹോട്ടൽ ലോബിയിൽ തനിക്കൊപ്പമുള്ള എംഎൽഎമാരെ അണിനിരത്തിയപ്പോൾ | ഫോട്ടോ: എഎൻഐ
മുംബൈ: തനിക്ക് 42 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഏകനാഥ് ഷിന്ദേ രംഗത്തെത്തിയതോടെ മഹാരാഷ്ട്രയിലെ അധികാരമത്സരം പുതിയ വഴിത്തിരിവിലെത്തി. ഗുവാഹത്തിയിലെ ഹോട്ടല്‍ ലോബിയില്‍ തനിക്കൊപ്പമുള്ള എംഎല്‍എമാരെ അണിനിരത്തിക്കൊണ്ടുള്ള ദൃശ്യം ഷിന്ദേ പുറത്തുവിട്ടു. 35 പേര് ശിവസേനാ വിമത എംഎല്‍എമാരും ഏഴ് സ്വതന്ത്രരുമാണ് ഷിന്ദേയ്ക്ക് ഒപ്പമുള്ളത്.
തനിക്കുള്ള എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഷിന്ദേ ഗര്ണര്ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം മാത്രമേ ഇതു സംബന്ധിച്ച് അടുത്ത നടപടിയുണ്ടാകൂ എന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ മാത്രമേ മറ്റു നടപടികള്‍ക്ക് സാധ്യതയുള്ളൂ.
ഇതിനിടെ ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കുന്ന 13 എംഎല്‍എമാര്‍ മുംബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഗുവാഹത്തിയിലേക്ക് എംഎല്‍എമാരെ തട്ടിക്കൊണ്ടുപോകുകയാണ് ചെയ്തതെന്നും അധികാരം പിടിച്ചെടുക്കാനുള്ള വൃത്തികെട്ട കളിയാണ് ഷിന്ദേ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു. തങ്ങളുടെ ഇരുപത് എംഎല്‍എമാര്‍ മടങ്ങിവരാന്‍ തയ്യാറായി ഗുവാഹത്തിയില്‍ ഉണ്ടെന്നും അവര്‍ വരുന്ന മുറയ്ക്ക് രാഷ്ട്രീയ അന്തര്നാടകങ്ങളേക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുമെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.
എന്‍സിപിയും ഇന്ന് മുംബൈയില്‍ യോഗം ചേര്‍ന്നിരുന്നു. ഒരു രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുക്കാന്‍ ശരത് പവാര്‍ നേതാക്കളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ താഴെവീഴുകയാണെങ്കില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ തയ്യാറാണെന്ന് മന്ത്രികൂടിയായ ജയന്ദ് പാട്ടീല്‍ അറിയിച്ചു.
ഷിന്ദേയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിക്കൊണ്ട് ബിജെപി-ശിവസേന സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി നീക്കങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഒപ്പമുള്ള ശിവസേനാ എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്. 14-ഓളം ശിവസേനാ എംപിമാരും വിമത പക്ഷത്തേക്ക് മാറുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എംപിമാര്‍ക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കാമെന്ന ഉറപ്പും ബിജെപി നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചിരുന്നു. വിമത എംഎല്‍എമാര്‍ തിരിച്ചെത്താത്ത സാഹചര്യത്തിലായിരുന്നു ഉദ്ധവ് താക്കറെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചതും തുടര്‍ന്ന് തന്റെ ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..