മുംബൈ: എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്‌ക്കെതിരേ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് വീണ്ടും രംഗത്തെത്തി. ഷാരൂഖ് ഖാന്റെ മകനുള്‍പ്പെട്ട ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുടെ സംഘാടകനായ കാഷിഫ് ഖാനും സമീര്‍ വാംഖഡേയും തമ്മില്‍ അടുത്തബന്ധമാണെന്ന് നവാബ് മാലിക് ആരോപിച്ചു. ലഹരിപ്പാര്‍ട്ടിയില്‍ പലരേയും കുടുക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടിരുന്നു. കാഷിഫ് ഖാനെ സംരക്ഷിക്കുന്നത് സമീര്‍ വാംഖഡെ ആണെന്നും അദ്ദേഹം ആരോപിച്ചു. 

എന്‍.സി.ബി സാക്ഷി കെപി ഗോസാവിയും ആഡംബര പാര്‍ട്ടിയെക്കുറിച്ച് എന്‍സിബിക്ക് വിവരം നല്‍കിയ ഡല്‍ഹിയില്‍ നിന്നുള്ള ആളും തമ്മില്‍ നടന്ന ചാറ്റിന്റെ വിശദാംശങ്ങളും നവാബ് മാലിക് പുറത്തുവിട്ടു. ലഹരിപ്പാര്‍ട്ടിക്ക് പങ്കെടുക്കാന്‍ പോകുന്നവരെ കുടുക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നാണ് ഈ ചാറ്റുകള്‍ തെളിയിക്കുന്നത്. സമീര്‍ വാംഖഡേയുടെ സ്വകാര്യ ആര്‍മിയാണ് ഇവര്‍. അദ്ദേഹത്തിന് ഇത് സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാവാമെന്നും അദ്ദേഹം ആരോപിച്ചു. 

കാഷിഫ് ഖാനെതിരെ വ്യാജരേഖ ചമച്ചതിന് കേസുകളുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് എന്‍.സി.ബി അദ്ദേഹത്തെ സംരക്ഷിക്കുന്നത്. എന്തുകൊണ്ടാണ് ഇയാളെ ചോദ്യം ചെയ്യാത്തത്. സമീര്‍ വാംഖഡേയും കാഷിഫ് ഖാനും തമ്മില്‍ എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. 

റഷ്യന്‍ മാഫിയ വഴിയാണ് ഗോവയില്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഗോവയും എന്‍സിബിയുടെ മുംബൈ ഓഫീസിന്റെ അധികാരപരിധിയിലാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. കാഷിഫ് ഖാനിലൂടെ മയക്കുമരുന്ന് റാക്കറ്റ് വളരുന്നത്. അതിനാല്‍ ഗോവയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും മാലിക് ആരോപിച്ചു.

ആഡംബരക്കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ചവര്‍ മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖിനെയും മറ്റ് മന്ത്രിമാരുടെ മക്കളേയും പാര്‍ട്ടിയില്‍ പങ്കെടുപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നുവെന്ന് മന്ത്രി നവാബ് മാലിക് നേരത്തെ ആരോപിച്ചിരുന്നു.

Content Highlights: Maharashtra Minister Shares WhatsApp Chats, Targets Anti-Drugs Officer