മുംബൈ: ജൂലായ്-ഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ. രാജ്യത്ത് അലയടിച്ച കോവിഡിന്റെ ആദ്യതരംഗത്തിലും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തരംഗത്തിലും ഏറ്റവുമധികം ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ജൂലായിലോ ഓഗസ്റ്റിലോ കോവിഡിന്റെ മൂന്നാം തരംഗം കൂടി മഹാരാഷ്ട്ര നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടോപെ അറിയിച്ചു. 

മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പ്രതിദിനദിനരോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ രോഗവ്യാപനത്തിന്റെ മൂന്നാം തരംഗമുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിന് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. 

മൂന്നാം തരംഗത്തെ നേരിടാന്‍ ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊന്നിപ്പറഞ്ഞതായി മന്ത്രി അറിയിച്ചു. മൂന്നാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുന്ന കാര്യം ഒരു തരത്തിലും അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പറഞ്ഞതായും ടോപെ കൂട്ടിച്ചേര്‍ത്തു. 

കോവിഡ് ചികിത്സാസൗകര്യങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ വ്യാവസായികപ്രമുഖരോട് ആവശ്യപ്പെട്ടതായും അത്തരത്തില്‍ ചെലവഴിക്കുന്ന പണത്തെ സിഎസ്ആര്‍ എക്‌സ്‌പെന്‍ഡിച്ചറായി കണക്കാക്കുമെന്നറിയിച്ചതായും താക്കറെ സൂചിപ്പിച്ചതായി ടോപെ പറഞ്ഞു. ഓക്‌സിജന്‍ ഉത്പാദനത്തിനായി പ്ലാന്റുകള്‍ സ്ഥാപിക്കുക, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സ്‌കാനിങ് മെഷീനുകളും അടിയന്തരമായി സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സര്‍ക്കാരിപ്പോള്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.  

സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം വ്യാഴാഴ്ച 45,39,553 ആയി ഉയര്‍ന്നു. 67,985 പേര്‍ കോവിഡ് മൂലം ഇതു വരെ മരിച്ചതായാണ് കണക്ക്. കോവിഡ് വ്യാപനം തടയാന്‍ മേയ് 15 വരെ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Content Highlights: Maharashtra May See Third Wave Of Covid In July-August Says Minister