മുംബൈ: കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം (ബി 1.1.529) സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. 

33 വയസ്സുകാരനായ ഇയാള്‍ നവംബര്‍ 23നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നുതന്നെ കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് മുംബൈയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്തു. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്നവരെ കണ്ടെത്തി പരിശോധന നടത്താനുള്ള ശ്രമം തുടരുകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. അര്‍ച്ചന പാട്ടീല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. 

രാജ്യത്ത് ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് ഇത്. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്വേയില്‍ നിന്ന് വന്നയാള്‍ക്കാണ് ശനിയാഴ്ച ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ജാംനഗറില്‍ എത്തിയത്.

നേരത്തെ, കര്‍ണാടകത്തില്‍ രണ്ട് പുരുഷന്മാരിലാണ് രാജ്യത്താദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായവര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് വകഭേദം കണ്ടെത്തിയ നാല്പത്തിയാറുകാരന്‍ ബെംഗളൂരു സ്വദേശിയായ ഡോക്ടറാണ്. രണ്ടു ഡോസ് വാക്സിനും എടുത്ത ഇദ്ദേഹം നവംബര്‍ 21-നാണ് പനിയെത്തുടര്‍ന്ന് പരിശോധനയ്ക്കെത്തിയത്. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സാംപിള്‍ ജനിതക പരിശോധനക്ക് അയക്കുകയായിരുന്നു. 

ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. അറുപത്തിയാറുകാരനായ ഇദ്ദേഹം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. രോഗലക്ഷണങ്ങളില്ലായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഏകാന്തവാസത്തിന് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുശേഷം സ്വകാര്യലാബില്‍നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായെത്തിയ ഇദ്ദേഹം ദുബായിലേക്ക് പോയതായും അധികൃതര്‍ അറിയിച്ചിരുന്നു.

Content Highlights: Maharashtra man who travelled to Mumbai from South Africa via Dubai,Delhi found positive for Omicron