പ്രതീകാത്മകചിത്രം | Photo : PTI
മുംബൈ: തീവണ്ടി തട്ടി മരിച്ചെന്ന് കരുതിയ അറുപതുകാരനെ ജീവനോടെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. റഫീഖ് ഷൈഖ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ രണ്ടുമാസം മുമ്പ് കാണാതാവുകയും ഇക്കഴിഞ്ഞ ജനുവരി 29 ന് 'തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയും' ചെയ്തിരുന്നു. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയും ചെയ്തു.
ഇതിനുപിന്നാലെ മരിച്ചെന്ന കരുതിയിരുന്ന ആള്‍ തന്റെ സുഹൃത്തുമായി നടത്തിയ വീഡിയോകോളിന്റെ ക്ലിപ്പ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ റഫീഖിന്റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. റഫീഖിനെ പാല്‍ഘറിലെ ആളൊഴിഞ്ഞ ഒരു വീട്ടില്‍നിന്ന് ഞായറാഴ്ച കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
ജനുവരി 29-ന് ബോയ്‌സര്‍- പാല്‍ഘര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാളത്തില്‍ നിന്ന് കണ്ടെത്തിയ അജ്ഞാതമൃതദേഹത്തിന്റെ ചിത്രങ്ങള്‍ റെയില്‍വേ പോലീസ് മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് റഫീഖിന്റെ സഹോദരന്‍ പോലീസിനെ സമീപിക്കുകയും രണ്ടുമാസം മുമ്പ് കാണാതായ റഫീഖിന്റേതാണ് മൃതദേഹമെന്ന് സംശയം അറിയിക്കുകയും ചെയ്തു. റഫീഖിന്റെ തിരോധാനത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലായിരുന്ന റഫീഖിന്റെ ഭാര്യയെ പോലീസ് ബന്ധപ്പെടുകയും അവര്‍ പാല്‍ഘറിലെത്തി മൃതശരീരം റഫീഖിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നെന്ന് റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ നരേഷ് രണ്‍ധീര്‍ പറഞ്ഞു.
ഞായറാഴ്ച റഫീഖിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിക്കുകയും റഫീഖ് കോള്‍ അറ്റന്‍ഡ് ചെയ്യുകയും ചെയ്തു. ഇരുവരും തമ്മില്‍ വീഡിയോചാറ്റ് നടക്കുകയും താന്‍ സുഖമായിരിക്കുന്നതായി റഫീഖ് സുഹൃത്തിനെ അറിയിക്കുകയും ചെയ്തു. വീഡിയോചാറ്റിന്റെ ക്ലിപ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ റഫീഖിന്റെ ബന്ധുക്കള്‍ വിവരമറിഞ്ഞു. അവര്‍ റഫീഖുമായി ബന്ധപ്പെടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
റഫീഖിന്റേതെന്നു കരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനും മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ പോലീസ് അറിയിച്ചു.
Content Highlights: Maharashtra, Man Responds To Friend's Video Call, Days After His Burial
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..