മുംബൈ: പാലില്‍ മായം ചേര്‍ക്കുന്നത് ജാമ്യം കിട്ടാത്ത കുറ്റമാക്കിക്കൊണ്ട് നിയമനിര്‍മ്മാണം നടത്താന്‍ മഹാരാഷ്ട്രസര്‍ക്കാരിന്റെ നീക്കം. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ നല്കാനുള്ള വകുപ്പ് ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

നിയമസഭയില്‍ സംസാരിക്കവേ, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഗിരീഷ് ബാപത്‌ ആണ് പാലില്‍ മായം ചേര്‍ക്കുന്നത് ഗുരുതരകുറ്റമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന കാര്യം അറിയിച്ചത്. നിലവില്‍ പാലില്‍ മായം ചേര്‍ത്താല്‍ പരമാവധി ശിക്ഷ ആറ് മാസം തടവാണ്. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമാണ്.

തടവ് ശിക്ഷയുടെ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തിക്കൊണ്ട് കുറ്റം ജാമ്യമില്ലാ വകുപ്പിലുള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം. സഭയിലെ ഭൂരിഭാഗം അംഗങ്ങളും നിയമനിര്‍മ്മാണത്തെ അനുകൂലിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ നല്കുന്ന കാര്യം പോലും ആലോചിക്കാവുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, നിയമനിര്‍മ്മാണം കൊണ്ടുവരുന്നതില്‍ കടമ്പകളേറെയുണ്ടെന്ന് മന്ത്രി ഗിരീഷ് ബാപത് അഭിപ്രായപ്പെട്ടു. 

മുംബൈയിലേക്ക് കൊണ്ടുവരുന്ന പാലില്‍ 30 ശതമാനവും മായം ചേര്‍ത്തതാണെന്നുള്ള ബിജെപി എംഎല്‍എ അമീത് സതാമിന്റെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് മറുപടിയായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പാലില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമുള്ള നാല് മൊബൈല്‍ വാനുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി പറഞ്ഞു. പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നത് കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

content highlights: Maharashtra govt to make milk adulteration a non-bailable offence