മുംബൈ: ഇലക്ട്രോണിക് വോട്ടിങ് യന്ത്ര (ഇവിഎം)ത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര. ഇതിനായി പ്രത്യേക നിയമം പാസ്സാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് നിയമസഭാ സ്പീക്കര്‍ നാന പട്ടോലയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബില്ലിന്റെ കരട് തയ്യാറാക്കിവരികയാണ്. കരട് തയ്യാറായിക്കഴിഞ്ഞാല്‍ വരുന്ന ബജറ്റ് സമ്മേളനത്തില്‍ വോട്ടെടുപ്പ് നടക്കും. നിയമം പാസ്സായാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പായിരിക്കും നടക്കുക. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇത് ബാധകമായിരിക്കില്ല.

ഇത്തരമൊരു നിയമം പാസ്സാക്കുന്നതിന് സര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് നാനാ പട്ടോല പറഞ്ഞു. ഭരണഘടനാ അനുച്ഛേദം 328 പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു നിയമം പാസ്സാക്കാം. വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിനോട് യോജിപ്പ് മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് ഏതാനും വര്‍ഷങ്ങളായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം ഉന്നയിച്ചുവരുന്നിരുന്നു. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നീക്കം. മഹാരാഷ്ട്ര സര്‍ക്കാരിലെ മഹാവികാസ് അഘാടി സഖ്യത്തിലുള്ള ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതില്‍ ഒരേ അഭിപ്രായമാണുള്ളത്. നിയമം പാസ്സായാല്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും മഹാരാഷ്ട്ര.

Content Highlights: Maharashtra Govt Moves to Reintroduce Ballot Papers for Elections