പ്രായോഗിക രാഷ്ട്രീയത്തില്‍ അസാധ്യമായി ഒന്നുമില്ലെന്ന ചൊല്ലിനെ കൂടുതല്‍ ഉറപ്പിക്കുന്ന സംഭവികാസങ്ങളാണ് മഹാരാഷ്ട്രയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസമായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അപ്രതീക്ഷിത ട്വിസ്റ്റുകളോടെയുള്ള ക്ലൈമാക്‌സ് ആണ് ശനിയാഴ്ച രാവിലെ അരങ്ങേറിയത്.
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ മഹാ വികാസ് അഘാടി എന്ന പേരില്‍ സഖ്യം രൂപീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ബിജെപിയുമായി അധികാരം പങ്കിടുന്നതിനുള്ള ശിവസേനയുടെ അവസാന സാധ്യതയും അടഞ്ഞതിനു ശേഷമായിരുന്നു ഇത്. മഹാരാഷ്ട്രയില്‍ ഒരു മുഖ്യമന്ത്രി ഉണ്ടാവുകയാണെങ്കില്‍ അത് ശിവസേനയുടെ മുഖ്യമന്ത്രിയായിരിക്കും എന്ന ഉദ്ധവ് താക്കറെയുടെ വാക്ക് യാഥാര്‍ഥ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങളാണ് പിന്നീട് നടന്നത്. അതിനേറ്റ കനത്ത തിരിച്ചടിയാണ് ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ.
തിരഞ്ഞെടുപ്പ് കാലത്തുണ്ടാക്കിയ ധാരണയില്‍നിന്ന് ബിജെപി പിന്‍വാങ്ങിയെന്നാരോപിച്ചാണ് ശിവസേന ബിജെപിയുമായുള്ള സഖ്യം വിട്ടത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുമെന്നും ആദ്യ രണ്ടര വര്‍ഷം തങ്ങള്‍ക്കു നല്‍കുമെന്നുമുള്ള വാഗ്ദാനം ലംഘിക്കുകയും തങ്ങളെ വഞ്ചിക്കുകയും ചെയ്‌തെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു. സഖ്യം വിട്ട ശിവസേന എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനായി പിന്നീട് ശ്രമം. അദ്യം ഇടഞ്ഞുനിന്ന കോണ്‍ഗ്രസിനെ സാവധാനം പാളയത്തിലെത്തിക്കാനും ശിവസേനയ്ക്കു സാധിച്ചു.
ശിവസേനയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കെല്ലാം മുന്‍കൈ എടുത്തിരുന്നത് എന്‍സിപിയായിരുന്നു. വെള്ളിയാഴ്ച ശിവസേന, എന്‍.സി.പി., കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് നിര്‍ദേശിച്ചത്. ശിവസേനയുടെ സഞ്ജയ് റാവുത്ത് പിന്തുണച്ചു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണോയെന്ന് ആലോചിക്കാന്‍ സമയംവേണമെന്ന ഉദ്ധവിന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചത്തേക്ക് മാറ്റിയത്. ഉദ്ധവിനെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ശരദ് പവാര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ധാരണയനുസരിച്ച്, അഞ്ചുവര്‍ഷംമുഴുവന്‍ മുഖ്യമന്ത്രിസ്ഥാനം ശിവസേനയ്ക്കുതന്നെയാണെന്നായിരുന്നു ധാരണ. ആഭ്യന്തരവകുപ്പ് എന്‍.സി.പി.ക്കും ധനം കോണ്‍ഗ്രസിനുമായിരിക്കുമെന്നും നഗരവികസനം, റവന്യൂ വകുപ്പുകള്‍ ശിവസേന കൈകാര്യംചെയ്യുമെന്നും ധാരണയിലെത്തി. ആരൊക്കെ മന്ത്രിമാരാവണമെന്നും അവരുടെ വകുപ്പുകളും സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന സംഭവവികാസങ്ങളാണ് രാത്രി ഇരുട്ടിവെളുത്തപ്പോള്‍ സംഭവിച്ചത്. പുതിയ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. പ്രത്യയശാസ്ത്രപരമായി ഒരു നിലയ്ക്കും ഒത്തുപോകാനാകാത്ത ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിലേയ്ക്ക് കോണ്‍ഗ്രിസനെ എത്തിച്ചത് ആഴ്ചകള്‍ നീണ്ടുനിന്ന ചര്‍ച്ചകളായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസുമായി പതിറ്റാണ്ടുകള്‍ നീണ്ട മുന്നണി ബന്ധത്തെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് എന്‍സിപി എന്‍ഡിഎയിലേയ്ക്ക് കളംമാറ്റിച്ചവിട്ടിയിരിക്കുന്നത്.
കോണ്‍ഗ്രസ്-എന്‍സിപി- ശിവസേനാ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പ്, കഴിഞ്ഞ ആഴ്ച പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതൊഴിച്ചാല്‍ ബിജെപി-എന്‍സിപി ചര്‍ച്ചകള്‍ സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകളൊന്നും പുറത്തുവന്നിരുന്നില്ല. ബിജെപിയുമായുള്ള എന്‍സിപിയുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ എവിടെ, എപ്പോള്‍ നടന്നു എന്നതുപോലും ആര്‍ക്കുമറിയില്ല.
Content Highlgihts: Maharashtra politics, Maharashtra government formation, Devendra Fadnavis takes oath as Maharashtra Chief Minister