മുംബൈ: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര  മന്ത്രി രാജിവെച്ചു. വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് മന്ത്രിസ്ഥാനം രാജിവെച്ചത്. ബീഡ് സ്വദേശിയായ 23-കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് രാജി.

ഫെബ്രുവരി എട്ടിനാണ് പൂജ ചവാന്‍ എന്ന യുവതിയെ പുണെയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കിയിരുന്നു. 

പിന്നീട് മരണം സംബന്ധിച്ച് രണ്ടുപേരുടെ സംഭാഷണം അടങ്ങുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ഓഡിയോ ക്ലിപ്പില്‍ സംസാരിക്കുന്നവരില്‍ ഒരാള്‍ സഞ്ജയ് റാത്തോഡ് ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Maharashtra Forest Minister Quits, BJP Alleges He's Linked To Suicide Case