പ്രതീകാത്മക ചിത്രം | Photo: ANI
മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ശമിച്ചതോടെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇനി മുതല്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയില്ല. എന്നാല്‍ മാസ്ക് ധരിക്കേണ്ട എന്നല്ല ഈ ഉത്തരവിന്റെ അര്‍ത്ഥം എന്നും ഇരു സംസ്ഥാനങ്ങളും വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടത്തിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളൊന്നും ഈ സംസ്ഥാനങ്ങളില്‍ ഇനിയില്ല.
ബംഗാളില്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി. എന്നാല്‍ മാസ്ക് തുടര്‍ന്നും ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി നിലനിന്ന കേന്ദ്ര ആഭ്യനന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവസാനിച്ചു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇനി നീട്ടില്ലെന്നും പുതുക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് നല്‍കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ തീരുമാനം.
ഓരോ വ്യക്തിയുടേയും താത്പര്യം അനുസരിച്ച് മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങള്‍ക്കും സാമൂഹികമായ കൂടിച്ചേരലുകള്‍ക്കും ഇനി ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ പുതുവത്സരം ആഘോഷിക്കുന്ന ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍വരും. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള നിര്‍ണായക തീരുമാനം വന്നത്. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് പൂര്‍ണ ഇളവുകള്‍ പ്രഖ്യാപിച്ചത്.
അതേസമയം, മാസ്ക് നിര്‍ബന്ധമില്ലെങ്കിലും കുറച്ചു കാലം കൂടി തുടരുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാസ്ക് ധരിക്കുന്നത് തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
20220-ല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ 78,73,619 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 1,47,780 പേര് രോഗം ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം 119 പേര് മാത്രമാണ് മഹാരാഷ്ട്രയില്‍ കോവിഡ് പോസിറ്റീവായത്.
Content Highlights: Maharashtra Decides to do Away With all Covid-19 Curbs As Cases Wane Mask Use Now Optional
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..