മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,598 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 455 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,08,642 ആയി ഉയര്‍ന്നു. 32,671 പേരാണ് ഇതുവരെ മരണപ്പെട്ടത്. 

മഹാരാഷ്ട്ര പോലീസില്‍ മാത്രം ഇന്ന് 198 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 21,152 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 217 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 

24 മണിക്കൂറിനിടെ 26,408 പേരാണ് രോഗമുക്തി നേടിയത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 12 ലക്ഷം കടന്നു.(12,08,642) നിലവില്‍ 2,91,238 പേരാണ് ചികിത്സയിലുള്ളത്. 106 വയസ്സുള്ള സ്ത്രീയും കോവിഡ് മുക്തി നേടിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.17 ശതമാനമായി ഉയര്‍ന്നതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ വ്യക്തമാക്കി. 

സംസ്ഥാനത്ത് മുംബൈ(184439), താണെ(170669) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Content Highlights: Maharashtra Covid-19 Updates