നാനാ പടോലെയും ബാലാസാഹേബ് ഥോരാത്തും (ഫയൽചിത്രം) | Photo: ANI
മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് ബാലാസാഹേബ് ഥോരാത് രാജിവെച്ചു. സംസ്ഥാന പി.സി.സി. അധ്യക്ഷന്‍ നാനാ പടോലയുമൊത്ത് പ്രവര്‍ത്തിക്കാനാകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഥോരാത് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
ഫെബ്രുവരി രണ്ടാംതീയതിയാണ് ഥോരാത് രാജിക്കത്തയച്ചതെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാനാ പടോലയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടേറിയ സംഗതിയാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു. ഥോരാത് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കില്ലെന്നുമാണ് റിപ്പോർട്ട്.
മുതിര്‍ന്ന നേതാവായിരുന്നിട്ടുകൂടി ഥോരാത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരേ ചിലര്‍ പ്രസ്താവനകള്‍ നടത്തുന്നതായും പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. നാനാ പടോലെ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, പി.സി.സി. മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ തന്റെ അഭിപ്രായങ്ങള്‍ തേടാറില്ലെന്നും ഥോരാത്തിന്റെ കത്തിലുണ്ടെന്നാണ് വിവരം.
അതേസമയം, അത്തരത്തിലൊരു കത്ത് എഴുതിയതായി അറിവില്ലെന്നും ഉള്ളടക്കം എന്തെന്നറിഞ്ഞാലേ പ്രതികരിക്കാനാകൂവെന്നും നാനാ പടോലെ പ്രതികരിച്ചു. അത്തരത്തിലൊരു കത്ത് ബാലാസാബഹേബ് ഥോരാത് എഴുതുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് നാസിക് ഗ്രാജുവേറ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നത് ഥോരാത്തിന്റെ ബന്ധുവായ സുധീര്‍ താംബെയെ ആയിരുന്നു. എന്നാല്‍ സുധീര്‍ മത്സരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല മകന്‍ സത്യജിത്തിനെ സ്വതന്ത്രനായി മത്സരിപ്പിക്കുകയും ചെയ്തു. സത്യജിത്ത് വിജയം നേടുകയും ചെയ്തിരുന്നു. ഇതോടെ കോണ്‍ഗ്രസ് സുധീറിനെയും സത്യജിത്തിനെയും പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബന്ധുക്കള്‍ക്കെതിരായ സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിലൂടെയും പ്രസ്താവനയിലൂടെയും താന്‍ അപമാനിതനായെന്നും ഥോരാത് കത്തില്‍ പറയുന്നുണ്ടെന്നാണ് വിവരം.
Content Highlights: maharashtra congress leader balasaheb thorat resigns from party post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..