മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കം ഒമ്പത് പേര്‍ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം അവസാനിച്ചതോടെ മല്‍സര രംഗത്ത് ഒമ്പതു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് വരണാധികാരി ഒമ്പതു പേരെ വിജയിയായി പ്രഖ്യാപിച്ചു. 

ഉദ്ധവിനെക്കൂടാതെ ശിവസേനയുടെ നീലം ഗോര്‍ഹെ, എന്‍.സി.പിയുടെ ശശികാന്ത് ഷിന്‍ഡെ, അമോല്‍ മിത്കരി, കോണ്‍ഗ്രസിന്റെ രാജേഷ് റാത്തോഡ്, ബി.ജെ.പിയിലെ ഗോപിചന്ദ് പദാല്‍ഖര്‍, പ്രവീണ്‍ ദാത്‌കെ, രാജ്‌നീത് സിങ് മൊഹിതെ പാട്ടീല്‍, അജിത് ഗോപ്ചന്ദെ, രമേശ് കരാദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍.

ബിജെപിയുടെ സന്ദീപ് ലേലെ, അജിത്ത് ഗോപ്ചഡേ, എന്‍സിപിയുടെ കിരണ്‍ പവാസ്‌കര്‍, ശിവരാജിറാവോ ഗാര്‍ജേ എന്നിവര്‍ തിങ്കളാഴ്ചയാണ് നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെഹ്ബാസ് റാത്തോഡിന്റെ പത്രിക അസാധുവായതിനെ തുടര്‍ന്ന് തള്ളിയിരുന്നു. 

കഴിഞ്ഞ നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യസര്‍ക്കാറില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിലവില്‍ എം.എല്‍.എയൊ നിയമസഭാ കൗണ്‍സില്‍ അംഗമോ അല്ലാത്ത ഉദ്ധവിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ മേയ് 28നു മുമ്പായി ഇവയില്‍ ഏതെങ്കിലും ഒന്നിലേക്ക് തെരഞ്ഞെടുക്കപ്പെടണമായിരുന്നു.

Content Highlights: Maharashtra CM Uddhav Thackeray, 8 others elected unopposed to state Legislative Council