സുപ്രീം കോടതിയില്‍ ഇന്ന് ഒരു മണിക്കൂറും പതിനഞ്ച് മിനുട്ടും നീണ്ടുനിന്ന മഹാരാഷ്ട്ര കേസിലെ വാദം

ബെഞ്ച്: ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന.

സമയം: 10.34 AM

തുഷാര്‍ മേത്ത: സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ട രേഖകള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ അത് കൈമാറുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം തരണം. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചത്. എന്നാല്‍, തെരഞ്ഞടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായയ ബിജെപിയെ ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് ഹാജരാക്കാന്‍ സാധിച്ചില്ല. അതിനുശേഷം ശിവസേനയെ വിളിച്ചു. അവര്‍ക്കും ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാന്‍ ആയില്ല. തുടര്‍ന്ന് എന്‍സിപിയെ വിളിച്ചു. അവര്‍ക്കും ഭൂരിപക്ഷം ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ആയില്ല. ഇതേത്തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.

തുഷാര്‍ മേത്ത: ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടിയാണ് ഹാജരാകുന്നത്. പ്രത്യേക പരിരക്ഷ ഉള്ളതുകൊണ്ട് ഗവര്‍ണറെ കേസില്‍ കക്ഷി ആക്കാന്‍ സാധിക്കില്ല.

(ദേവേന്ദ്ര ഫഡ്നാവിസും, അജിത്ത് പവാറും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് തുഷാര്‍ മേത്ത കോടതിക്ക് കൈമാറുന്നു. തുടര്‍ന്ന് അജിത്ത് പവാര്‍ ഗവര്‍ണര്‍ക്ക് നവംബര്‍ 22 ന് നല്‍കിയ കത്തും തുഷാര്‍ മേത്ത കൈമാറുന്നു. മൂന്ന് ജഡ്ജിമാരും രേഖകള്‍ നോക്കുന്നു)

ജസ്റ്റിസ് രമണ: (അജിത്ത് പവാറിന്റെ കത്ത് കാണിച്ചുകൊണ്ട്) എനിക്ക് മറാഠി അറിയില്ല. എന്താണ് ഇതില്‍ എഴുതിയിരിക്കുന്നത് ? ഈ കത്തിന്റെ ഉള്ളടക്കം എന്താണ്?

തുഷാര്‍ മേത്ത:   മഹാരാഷ്ട്രയില്‍ സുസ്ഥിരമായ ഭരണം ഉറപ്പാക്കാനാണ് ഫഡ്‌നാവിസിനെ അജിത്ത് പവാര്‍ പിന്തുണയ്ക്കുന്നത്. നേരത്തെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനായി പവാറിനെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടത്ര എന്‍സിപി എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്നില്ല.

തുഷാര്‍ മേത്ത: എന്‍സിപി യുടെ 54 എംഎല്‍എമാരും ചേര്‍ന്നാണ് അജിത്ത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത് എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപി യുടെ എംഎല്‍എമാരുടെ പേരും ഒപ്പും ഉള്ള കടലാസും അജിത്ത് പവാര്‍ കൈമാറിയിരുന്നു. അതില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

തുഷാര്‍ മേത്ത:  ഇത്രയും രേഖകള്‍ ലഭിച്ചാല്‍ അതില്‍ കൂടുതല്‍ അന്വേഷണം ഗവര്‍ണര്‍ നടത്തേണ്ടതില്ല. വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്ന് രേഖകളിലൂടെ ബോധ്യപ്പെടുത്തിയതിനാലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്‌നാവിസിനെ ക്ഷണിച്ചത്. ഗവര്‍ണറുടെ നടപടി ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുത്.

തുഷാര്‍ മേത്ത:  (ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ ഉള്ളടക്കം തുഷാര്‍ മേത്ത വായിക്കുന്നു). 'എന്നെ ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ എനിക്ക് വേണ്ടത്ര പിന്തുണ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എന്‍സിപി യിലെ 54 എംഎല്‍എമാര്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോള്‍ 170 എംഎല്‍എ മാരുടെ പിന്തുണ ഉണ്ട്. സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും'. ഇത്രയും വ്യക്തമായ കത്ത് ലഭിച്ചതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്‌നാവിസിനെ ക്ഷണിച്ചതും, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടതും.

ജസ്റ്റിസ് എന്‍ വി രമണയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും തമ്മില്‍ ചര്‍ച്ച നടത്തുന്നു.

ജസ്റ്റിസ് രമണ: (അജിത്ത് പവാറിന്റെ കത്ത് കാണിച്ച് കൊണ്ട് തുഷാര്‍ മേത്തയോട്) ഈ കത്തിന്റെ തര്‍ജ്ജിമ തരണം.

തുടര്‍ന്ന് തുഷാര്‍ മേത്ത കത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമ കോടതിക്ക് കൈമാറി.

ജസ്റ്റിസ് അശോക് ഭൂഷണ്‍: ഫഡ്‌നാവിസിന് ഗവര്‍ണര്‍ നല്‍കിയ കത്ത് എവിടെ ?

തുഷാര്‍ മേത്ത: അതും ആ രേഖകള്‍ക്ക് ഒപ്പം ഉണ്ട്.

മൂന്ന് ജഡ്ജിമാരും വീണ്ടും കത്തുകള്‍ പരിശോധിക്കുന്നു.

തുഷാര്‍ മേത്ത നിര്‍ത്തി. മുകുള്‍ റോത്തഗി ആരംഭിച്ചു

മുകുള്‍ റോത്തഗി: ഞാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടിയാണ് ഹാജരാകുന്നത്.

മുകുള്‍ റോത്തഗി: ഞങ്ങളുടെ സഖ്യകക്ഷി ആയിരുന്നു ശിവസേന.  ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് ഒപ്പം ഇല്ല. എന്നാല്‍ 54 പേരുള്ള എന്‍സിപി  ഞങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇപ്പോള്‍ 170 പേരുടെ പിന്തുണ ഉണ്ട്. അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു.

മുകുള്‍ റോത്തഗി: ഇന്നലെ എന്റെ സുഹൃത്ത് സിംഗ്വി കോടതിയില്‍ പറഞ്ഞത് എന്‍സിപിയുടെ യോഗത്തില്‍ 45 എംഎല്‍എമാര്‍ പങ്കെടുത്തു എന്നാണ്. എന്നാല്‍ ഞാന്‍ അജിത് പവാറിനോട് അന്വേഷിച്ചപ്പോള്‍ അത് തെറ്റാണ് എന്ന് മനസിലായി.

മുകുള്‍ റോത്തഗി: ഒരു പവാര്‍ എന്നോട് ഒപ്പം ആണ്. മറ്റൊരു പവാര്‍ അവരോട് ഒപ്പവും. കുടുംബ കലഹം കാണുമായിരിക്കും. പക്ഷേ അത് എന്നെ ബാധിക്കുന്ന വിഷയം അല്ല. അവരാണ് കുതിര കച്ചവടത്തില്‍ ഏര്‍പ്പെടുന്നത്. ഞാനല്ല.

മുകുള്‍ റോത്തഗി: ഇത് കര്‍ണാടക കേസില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. അജിത്ത് പവാറിന്റെ കത്തില്‍ 54 എംഎല്‍എമാരുടെ ഒപ്പുണ്ട്. ആരും ആ ഒപ്പ് വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ എല്ലാവര്‍ക്കും അവസരം നല്‍കി. വിവേചന അധികാരം നീതിയുക്തമായാണ് ഗവര്‍ണര്‍ വിനിയോഗിച്ചത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന: അജിത്ത് പവാറിനു വേണ്ടി ആരെങ്കിലും ഹാജര്‍ ആകുന്നുണ്ടോ ?

മനീന്ദര്‍ സിങ്: ഞാന്‍ അജിത്ത് പവാറിന് വേണ്ടിയാണ് ഹാജര്‍ ആകുന്നത്.

മുകുള്‍ റോത്തഗി:  ഇന്നലെ സിംഗ്വി പറഞ്ഞത് എന്‍സിപി യുടെ 45 എംഎല്‍എ മാര്‍ അവര്‍ക്കൊപ്പം ആണെന്നാണ്. ഞങ്ങള്‍ക്ക് 54 എന്‍സിപി എംഎല്‍എ മാരുടെയും പിന്തുണ ഉണ്ട്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന:  ഇന്നത്തെ പ്രസക്തമായ ചോദ്യം മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം ഉണ്ടോ എന്നാണ്. അത് തെളിയിക്കാന്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കണം.

മുകുള്‍ റോത്തഗി: വിശ്വാസ വോട്ടെടുപ്പ് വേണ്ടെന്ന് ആരും പറയുന്നില്ല. വിശ്വാസ വോട്ട് ഇത്ര സമയം കൊണ്ട് നടത്തണം എന്ന ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതിക്ക് അധികാരമില്ല. വോട്ടെടുപ്പ് എപ്പോള്‍ വേണം എന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. കോടതി അതില്‍ ഇടപെട്ടാല്‍ ജുഡീഷ്യറി നിയമ നിര്‍മ്മാണ സഭയുടെ അധികാരത്തിലേക്ക് കടന്ന് കയറുന്നതിന് തുല്യമാകും. ഇടക്കാല ഉത്തരവ് ഇടാന്‍ വേണ്ടത്ര രേഖകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍, എന്റെ അഭിപ്രായത്തില്‍ ഇല്ല എന്ന് പറയേണ്ടിവരും. ഗവര്‍ണര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ അനാവശ്യമാണ്. ഒരാള്‍ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ക്ഷണം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഉണ്ട്.

മുകുള്‍ റോത്തഗി: ആദ്യം നിയമസഭാ ചേരണം. പ്രോടെം സ്പീക്കറുടെ മുന്നില്‍  എംഎല്‍എ മാര്‍ സത്യപ്രതിജ്ഞ ചെയ്യണം. എന്നിട്ട് എംഎല്‍എമാര്‍ സ്പീക്കറെ  തെരഞ്ഞെടുക്കണം. സ്പീക്കര്‍ തീരുമാനിക്കും എപ്പോളായിരിക്കണം വിശ്വാസ വോട്ട് നടത്തേണ്ടതെന്ന്.

തുഷാര്‍ മേത്ത: വിശ്വാസ വോട്ടെടുപ്പ് വേണം എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല. കൂടെയുള്ളവര്‍ കൊഴിഞ്ഞു പോകും എന്ന പേടി കാരണംമാണ് ഇരുപത്തി നാല്  മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ്  വേണമെന്ന് ആവശ്യപ്പെടുന്നത്. നിയമസഭ ഇങ്ങനെ പ്രവര്‍ത്തിക്കണം എന്നുപറയാന്‍ കോടതിക്ക് അധികാരമില്ല. കുതിരക്കച്ചവടം നടക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടാം. എന്നാല്‍ ഇവിടെ കുതിരക്കച്ചവടം ഇല്ല.

ജസ്റ്റിസ് സഞ്ജീവ് ഖന്ന:  സുപ്രീം കോടതി തന്നെ വിവിധ കേസുകളില്‍ ഇരുപത്തി നാല്  മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം ഉണ്ടോ എന്നതാണ് ചോദ്യം. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ല. നിയമസഭയില്‍ ആണ്.

തുഷാര്‍ മേത്ത: ത്രികക്ഷികളുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ മൂന്ന് ദിവസം നല്‍കണം. കോടതികളുടെ മൂന്ന് മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ഈ കേസിലും ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവ് ഇടരുത്.

തുഷാര്‍ മേത്ത അവസാനിപ്പിച്ചു. അജിത് പവാറിനു വേണ്ടി മനീന്ദര്‍ സിംഗ് തുടങ്ങി.

മനീന്ദര്‍ സിംഗ്: എന്‍ സി പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന നിലയിലാണ് ഫഡ്‌നാവിസിന് പിന്തുണ പ്രഖ്യാപിച്ചുള്ള കത്ത് നല്‍കിയത്. ആ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിവേചന അധികാരം വിനിയോഗിച്ചത്.

ജസ്റ്റിസ് രമണയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ചര്‍ച്ച നടത്തുന്നു

മനീന്ദര്‍ സിംഗ്:  ഞാനാണ് എന്‍ സി പി.

(കോടതിയില്‍ കൂട്ട ചിരി)

മനീന്ദര്‍ സിംഗ്: കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജം അല്ലെന്ന് ബോധ്യമായ സ്ഥിതിക്ക് ഈ ഹര്‍ജികള്‍ തള്ളണം. ശരി ആയ തീരുമാനം എടുക്കാന്‍ ഗവര്‍ണറെ അനുവദിക്കണം. ഹൈക്കോടതിയില്‍ ആണ് ഹര്‍ജിക്കാര്‍ പോകേണ്ടത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന:  (മനീന്ദര്‍ സിങിനോട്) അടിയന്തിരമായി വിശ്വാസ വോട്ട് തേടാന്‍ പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ അഭിപ്രായം?

മനീന്ദര്‍ സിങ്: ഞാന്‍ കോടതി ഉത്തരവ് അനുസരിക്കും.

മുകുള്‍ റോത്തഗി:  (ശബ്ദം ഉയര്‍ത്തി) കോടതി ഈ ഘട്ടത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കരുത്.ലഞങ്ങള്‍ക്ക് മറുപടി സത്യവാങ് മൂലം സമര്‍പ്പിക്കണം. ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാന്‍  എങ്ങനെ കോടതിക്ക്  കഴിയും?

തുഷാര്‍ മേത്ത: ഇടക്കാല ഉത്തരവ് ഇപ്പോള്‍ ആവശ്യം ഇല്ല. കോടതി വിശദമായി എല്ലാവരെയും കേള്‍ക്കണം.

മൂന്ന് ജഡ്ജിമാരും വീണ്ടും ചര്‍ച്ച നടത്തുന്നു. രണ്ട് മിനുട്ട് നീണ്ടുനിന്ന ചര്‍ച്ചയക്ക് ശേഷം കപില്‍ സിബല്‍ ആരംഭിച്ചു.

കപില്‍ സിബല്‍:  ഇരുപത്തി രണ്ടിന് ഏഴു മണിക്ക് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു. മൂന്ന് കക്ഷികളും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അതിന് ശേഷമുള്ള ഗവര്‍ണറുടെ നടപടി പരിശോധിച്ചാല്‍ എല്ലം മനസിലാക്കാം. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 വരെ കാത്തിരുന്ന ഗവര്‍ണ്ണര്‍ക്ക് ഒരു രാത്രി കൂടി കാത്തിരിക്കാന്‍ എന്തായിരുന്നു തടസ്സം ?

ജസ്റ്റിസ് സഞ്ജീവ് ഖന്ന: രാഷ്ട്രപതി ഭരണം പിന്‍വലിച്ചുള്ള ഉത്തരവ് ഇന്ന് ഹാജരാക്കി.

പുലര്‍ച്ചെ 5:27 ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുള്ള ദേശിയ അടിയന്തിര സാഹചര്യം എന്ത് ആയിരുന്നു?

കപില്‍ സിബല്‍:  തെരെഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി ഞങ്ങള്‍ക്ക്  നല്‍കിയ വാഗ്ദാനം പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സഖ്യം ഉപേക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തിന് എന്‍സിപിയുമായും കോണ്‍ഗ്രസ്സുമായും ഒരു ബന്ധവും ഇല്ല.

കപില്‍ സിബല്‍: എന്‍ സി പി യെ പ്രതിനിധീകരിക്കാന്‍ അജിത്ത് പവാറിന് അവകാശം ഇല്ലെന്ന് വ്യക്തമാക്കുന്ന ഒര്‍ജിനല്‍ രേഖകള്‍ ഞങ്ങളുടെ പക്കലുണ്ട്. അതുകൊണ്ട് വിശ്വാസ വോട്ടെടുപ്പിന് കോടതി ഉത്തരവിടണം. ഏതു പാര്‍ട്ടിയിലേത് ആയാലും കുഴപ്പമില്ല. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം പ്രോടെം സ്പീക്കര്‍ ആകണം. അദ്ദേഹം ആയിരിക്കണം വിശ്വാസ വോട്ടെടുപ്പിനായി സഭ ചേരുമ്പോള്‍ അധ്യക്ഷത വഹിക്കേണ്ടത്. മുഴുവന്‍ സഭാ നടപടികളും വിഡീയോവില്‍ പകര്‍ത്തണം. എല്ലാം സുതാര്യമായി നടപ്പാകട്ടെ.

കപില്‍ സിബല്‍: കുതിരകള്‍ എല്ലാം ഞങ്ങള്‍ക്കൊപ്പം ഉണ്ട്. ചതിയന്‍ മാത്രമേ പോയുള്ളു.

ജസ്റ്റിസ് രമണ ജസ്റ്റിസ് സഞ്ജീവ് ഖന്നയുമായി വീണ്ടും ചര്‍ച്ച നടത്തുന്നു

കപില്‍ സിബല്‍: രാത്രിയുടെ മറവിലാണ് ചിലര്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നത്. റൂള്‍സ് ഓഫ് ബിസിനസിലെ 12 അനുച്ഛേദ പ്രകാരമുള്ള വിവേചന അധികാരം പോലും രാത്രി ഉപയോഗിക്കുന്നത് കണ്ടു.

തുഷാര്‍ മേത്ത:  ഇത് പ്രധാനമന്ത്രിക്കെതിരായ ആരോപണമാണ്. ഇത് അനുവദിക്കാന്‍ ആകില്ല.

ജസ്റ്റിസ് സഞ്ജീവ് ഖന്ന:  ഈ വിഷയങ്ങള്‍ കോടതി പരിഗണിക്കുന്ന കാര്യങ്ങളല്ല.

കപില്‍ സിബല്‍: പകല്‍ വെളിച്ചത്തില്‍ വൈകാതെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്നാണ് ഞങ്ങളുടെ ആവശ്യം.

കപില്‍ സിബല്‍ അവസാനിപ്പിച്ചു. അഭിഷേക് മനു സിംഗ്വി തുടങ്ങി.

അഭിഷേക് മനു സിംഗ്വി:  നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. അജിത്ത് പവാറിനൊപ്പം ഒരു എന്‍സിപി  എംഎല്‍എ  പോലും ഇല്ല. ഒരു പേപ്പറില്‍ കുറെ എംഎല്‍എ മാരുടെ പേര് എഴുതി ഗവര്‍ണര്‍ക്ക് നല്‍കുന്നു. അതില്‍ ഒരു കവറിങ് ലെറ്റര്‍ പോലും ഇല്ല. അജിത്ത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തെരെഞ്ഞെടുത്ത് കൊണ്ടുള്ള കത്താണ് ഗവര്‍ണര്‍ക്ക് മുമ്പാകെ ഹാജരാക്കിയത്. അല്ലാതെ ബിജെപിയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കത്തില്‍ എംഎല്‍എമാര്‍ ഒപ്പു വച്ചിട്ടില്ല.  ഇതാണ് ഗവര്‍ണര്‍ അംഗീകരിച്ച കത്ത്. ഇത് ഭരണഘടനയ്ക്ക് മേലുള്ള തട്ടിപ്പാണ്. കോടതി പോലും ഞെട്ടി പോകും. 

അഭിഷേക് മനു സിംഗ്വി എംഎല്‍എ മാര്‍ ഒപ്പുവച്ച സത്യവാങ്മൂലം കൈമാറാന്‍ ശ്രമിക്കുന്നു.

മുകുള്‍ റോത്തഗി: സത്യവാങ് മൂലം ആണെങ്കില്‍  ഞങ്ങള്‍ക്ക് തരാതെ അത് ഫയല്‍ ചെയ്യാന്‍ കഴിയില്ല.

ജസ്റ്റിസ് സഞ്ജീവ് ഖന്ന: സത്യവാങ് മൂലം ഫയല്‍ ചെയ്യുന്നുവോ?

അഭിഷേക് മനു സിംഗ്വി: 154 എംഎല്‍എമാരുടെ പിന്തുണ ഉണ്ട് എന്ന് ബോധ്യപെടുത്താന്‍ ആയിരുന്നു സത്യവാങ് മൂലം. കോടതിക്ക് പോലും വസ്തുത മനസിലാക്കാന്‍ ആണ് കൊണ്ടുവന്നത്. പക്ഷേ ഞങ്ങള്‍ അത് ഫയല്‍ ചെയ്യുന്നില്ല.

അഭിഷേക് മനു സിംഗ്വി:  നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം പ്രോടെം  സ്പീക്കര്‍ ആകണം.

സ്പീക്കര്‍ തെരഞ്ഞെടുപ്പിനു ശേഷം വിശ്വാസ വോട്ട് എന്ന് എന്റെ സുഹൃത്ത് റോത്തഗി പറയുന്നത് ഒരു ലക്ഷ്യം വച്ചാണ്. സ്പീക്കര്‍ തെരെഞ്ഞെടുത്തത് കഴിഞ്ഞാല്‍ തൊട്ട് അടുത്ത നിമിഷം എന്‍സിപി എംഎല്‍എ മാര്‍ക്ക് അജിത്ത് പവാര്‍ വിപ്പ്  നല്‍കി അയോഗ്യര്‍ ആക്കും

അഭിഷേക് മനു സിംഗ്വി: വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന കാര്യത്തില്‍ ഇവിടെ തര്‍ക്കമില്ല. പക്ഷേ എപ്പോള്‍ നടത്തണം എന്ന കാര്യത്തിലാണ് തര്‍ക്കം. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് ചില മാര്‍ഗ്ഗരേഖകള്‍ കൂടി കോടതി പ്രഖ്യാപിക്കണം (ഹര്‍ജിയിലെ ചില ആവശ്യങ്ങള്‍ സിംഗ്വി വായിക്കുന്നു)

ജസ്റ്റിസ് രമണ: അത് ഞങ്ങള്‍ക്ക് വീടു.

മുകുള്‍ റോത്തഗി: സുപ്രീം കോടതി നിയമസഭയുടെ സഭയുടെ അധികാരത്തിലേക്ക് കടന്നു കയറരുത്. അതിന് കോടതിക്ക് അധികാരം ഇല്ല. പ്രോടെം സ്പീക്കറിന്റെ കീഴില്‍  വിശ്വാസ വോട്ട് നടത്താന്‍ നിര്‍ദേശിക്കരുത്. സ്പീക്കര്‍ തെരെഞ്ഞെടുപ്പില്‍ അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടെങ്കില്‍ സ്പീക്കര്‍ അവരുടേത് ആകുമെല്ലോ.

മുകുള്‍ റോത്തഗി: 14 ദിവസം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എനിക്ക് സമയം അനുവദിച്ചിട്ടുണ്ട്. അത് രണ്ടോ, മൂന്നോ ദിവസമായി വെട്ടിക്കുറയ്ക്കരുത്.

കപില്‍ സിബല്‍:  പ്രോടെം സ്പീക്കറുടെ അധ്യക്ഷതയില്‍  വിശ്വാസ വോട്ട് നടത്തണം

അഭിഷേക് മനു സിംഗ്വി: എന്തുകൊണ്ടാണ് സ്പീക്കര്‍ വേണം എന്ന് അവര്‍ നിര്‍ബന്ധിക്കുന്നത് എന്ന് കോടതി ചോദിക്കണം

ജസ്റ്റിസ് രമണ: നാളെ രാവിലെ 10.30 നു ഉത്തരവ്.

Content Highlights: Maharashtra case: heated arguments in Supreme Court