മുംബൈ: പിറന്നാളാഘോഷത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബിജെപി എംഎല്‍എ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത് വിവാദത്തില്‍. മഹാരാഷ്ട്രയിലെ വാര്‍ധ എംഎല്‍എ ദാദാറാവു കേച്ചെയാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയത്. 

ഞായറാഴ്ചയാണ് ദാദാറാവു നൂറോളം പേര്‍ക്ക് വസതിയില്‍ ധാന്യങ്ങള്‍ വിതരണം ചെയ്തത്. എപിഡെമിക് ഡിസിസസ് ആക്ട് പ്രകാരമുള്ള നിയമനടപടി ദാദാറാവു നേരിടേണ്ടി വരുമെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഹരീഷ് ധാര്‍മിക് അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനായി എംഎല്‍എ അനുമതി തേടിയിരുന്നില്ലെന്നും ഹരീഷ് ധാര്‍മിക് അറിയിച്ചു. 

വിതരണം സൗജന്യമായിരുന്നതിനാല്‍ നൂറോളം പേര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ കൂടിയിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി ജനങ്ങളെ പിരിച്ചു വിട്ടു. എന്നാല്‍ തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് എംഎല്‍എയുടെ പ്രതികരണം. 

Maharashtra BJP MLA defies lockdown calls people for birthday